ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ജീവിത സമുദ്ധാരണ പദ്ധതിയായ ‘അതിജീവന്’ തുടക്കമായി.
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നവജീവൻ ട്രസ്റ്റ് സാരഥി പി.യു തോമസ് അധ്യക്ഷതവഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോർഡിനേറ്റർമാരായ ബെസി ജോസ്, ലൈല ഫിലിപ്പ്, സൗമ്യ ജോയി എന്നിവർ പ്രസംഗിച്ചു.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലുള്ളവർക്കു ഗുണം ലഭിക്കും. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗാമായി 40 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനും 40 കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമാണത്തിനും ധനസഹായം നൽകും. 300 കുടുംബങ്ങൾക്കു കോഴി വളർത്തലിനും 24 കുടുംബങ്ങൾക്ക് ആടു വളർത്തലിനും 304 കുടുംബങ്ങൾക്ക് അടുക്കളത്തോട്ടം വ്യാപനത്തിനും സഹായം കൊടുക്കും. അന്പതു ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
Source: www.deepika.com