അമ്മയെ തങ്ങളോടൊപ്പം ചേര്‍ക്കണമെന്ന അപേക്ഷയുമായി പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബിയുടെ മകള്‍ ഐഷാം ആഷിക്. വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 9 വര്‍ഷത്തോളം ജയിലില്‍ കിടന്നതിന് ശേഷം മോചിതയായെങ്കിലും തങ്ങളുടെ അമ്മയെ ഒരു നോക്കുകാണുവാന്‍ സാധിച്ചിട്ടില്ലെന്ന് പതിനെട്ടുകാരിയായ ഐഷാം പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച കാനഡയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ച് ബ്രിട്ടീഷ് ദിനപത്രമായ ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഐഷാം തന്റെ അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചത്.
‘എനിക്ക് അമ്മയെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. എപ്പോഴും അമ്മയെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത. ദൈവത്തില്‍ വിശ്വസിക്കുവാനും, ജയിലില്‍ നിന്ന് മോചിപ്പിക്കുവാന്‍ ദൈവത്തിന് സാധിക്കുമെങ്കില്‍ ഇപ്പോള്‍ ഉള്ളിടത്ത് നിന്ന് മോചിപ്പിക്കുവാനും ദൈവത്തിനു സാധിക്കുമെന്ന് അമ്മയോട് ഫോണിലൂടെ സംസാരിക്കുമ്പോഴൊക്കെ ഞാന്‍ പറയാറുണ്ട്’. ഐഷാം പറഞ്ഞു.
വ്യാജ മതനിന്ദ ആരോപണത്തിനെ തുടര്‍ന്നാണ് ആസിയാ ബീബി അറസ്റ്റിലായത്. സുപ്രീം കോടതി വിധിയെതുടര്‍ന്ന്‍ ജയില്‍ നിന്നു മോചിതയായെങ്കിലും മുസ്ലീം മതമൗലീകവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ പാക്കിസ്ഥാനിലെ രഹസ്യസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുറഞ്ഞ രക്തസമ്മര്‍ദ്ധം നേരിടുന്ന ആസിയാ ബീബിക്ക് വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇരുപത്തിയൊന്നുകാരിയായ തന്റെ മൂത്ത സഹോദരി ഇഷാക്കൊപ്പം കാനഡയിലാണ് ഐഷാം താമസിക്കുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി സംസാരിക്കുവാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തങ്ങളെക്കുറിച്ചോര്‍ത്തെങ്കിലും അമ്മയെ മോചിപ്പിക്കണമെന്ന്‍ ആവശ്യപ്പെടുമെന്ന് ഐഷാം പറഞ്ഞു. ആസിയാക്കു വിദേശരാജ്യത്ത് താമസാനുമതിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നടപടി പ്രായോഗിക തലത്തില്‍ എത്തുന്നില്ലായെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Source: www.pravachakasabdam.com