ആതുരാലയങ്ങൾ നല്ല സമരിയാക്കാരനെപ്പോലെ പ്രവർത്തിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആതുര ശുശ്രൂഷാരംഗത്തു മധ്യകേരളത്തിന്റെ തിലകക്കുറിയായ കാരിത്താസ് ആശുപത്രിയുടെ ഹോം ഡേ ആഘോഷങ്ങളും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് അക്രഡിറ്റേഷൻ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
ഒരുമിച്ച് ഒരു കുടുംബം പോലെ ചൈതന്യത്തിൽ മുന്നേറുന്നതിനാലാണു കാരിത്താസ് ആശുപത്രി രാജ്യത്തെ തന്നെ മികവിന്റെ പട്ടികയിൽ ഒന്നാമതെത്തിയത്. ഇവിടെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നഴ്സ്മാരുടെയും മറ്റു ജീവനക്കാരുടെയും വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ടാണ് ഈ നേട്ടമുണ്ടായത്. നല്ല സമരിയാക്കാരനെ പോലെ രോഗിയുടെ മേൽ സമർപ്പണ ബോധം ഉണ്ടെങ്കിൽ മാത്രമെ രോഗികൾക്കു സൗഖ്യം നൽകാൻ സാധിക്കുകയുള്ളു. ഒരു രോഗിയും ഇവിടേക്കു വീണ്ടും തിരിച്ചു വരാത്ത രീതിയിൽ മികച്ച ചികിത്സയാണ് നൽകേണ്ടതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി, ആശുപത്രി ഡയറക്്ടർ ഫാ. തോമസ് ആനിമൂട്ടിൽ, ജോയിന്റ് ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, ഏറ്റുമാനൂർ മുനിസിപ്പൽ കൗണ്‍സിലർ ടോമി പുളിമൻതുണ്ടത്തിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ ഏബ്രഹാം, നഴ്സിംഗ് സൂപ്രണ്ട് സി.ടി. അന്നമ്മ എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com