അറുപത് വര്‍ഷത്തോളമായി ആഫ്രിക്കയില്‍ സേവനം തുടരുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീക്ക് ആദരവുമായി മാര്‍പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദാസിമാരുടെ ജനോനിയിലെ സന്ന്യാസിനീ സമൂഹം (Congregation of the Daughters of St. Joseph in Genoni) എന്ന കോണ്‍ഗ്രിഗേഷനിലെ സി. മരിയ കൊൺസെത്തയ്ക്കാണ് മാര്‍പാപ്പ പ്രത്യേക ബഹുമതി സമ്മാനിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി പ്രേഷിത ജോലിയില്‍ നിശ്ശബ്ദമായി വ്യാപൃതരായിരിക്കുന്ന മിഷ്ണറിമാരായ വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും ഓര്‍ത്തുകൊണ്ടാണ് ഈ ബഹുമതി സിസ്റ്റര്‍ക്കു കൈമാറുന്നതെന്ന് പാപ്പ പ്രസ്താവിച്ചു.
റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോയിൽ നിന്ന്‍ സേവന തീക്ഷ്ണതയുമായി ബാംഗ്വിയില്‍ എത്തിച്ചേര്‍ന്ന സിസ്റ്റര്‍ മരിയ എണ്‍പത്തിനാല് വയസ്സായിട്ടും പ്രായത്തെ അവഗണിച്ച് ശുശ്രൂഷ തുടരുകയാണ്. മുലയൂട്ടുന്ന അമ്മമാരെയും അവരുടെ കൈക്കുഞ്ഞുങ്ങളെയും പരിചരിക്കുകന്നതോടൊപ്പം അവരുടെ പ്രസവ ശുശ്രൂഷകയായും സേവനം ചെയ്യുന്ന സിസ്റ്ററിന്റെ പ്രവര്‍ത്തനം മഹത്തരമെന്നും, ജീവിതസാക്ഷ്യംകൊണ്ട് ദൈവരാജ്യത്തിന്‍റെ വിത്തുപാകുന്നതും സ്വയം എരിഞ്ഞുതീരുന്നതുമായ സ്നേഹസമര്‍പ്പണമാണെന്നും പാപ്പ വിശേഷിപ്പിച്ചു.
തന്‍റെ സഹോദരിമാരെ സന്ദര്‍ശിക്കാന്‍ സിസ്റ്റര്‍ മരിയ റോമിലെത്തിയപ്പോഴാണ് പാപ്പ അനുമോദിക്കുകയും സ്നേഹ സമ്മാനം നല്‍കുകയും ചെയ്തത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 നവംബറില്‍ ബാംഗ്വിയിലെ പരിചരണകേന്ദ്രത്തില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ പാപ്പ സി. മരിയ കൊൺസേത്തയുമായി സംസാരിച്ചിരിന്നു. സന്ദര്‍ശനത്തിന്‍ ശേഷം വത്തിക്കാനിലെത്തിയ പാപ്പ, സിസ്റ്ററിന്റെ സേവന മനോഭാവത്തെ പറ്റി പ്രത്യേകം പ്രസ്താവന തന്നെ നടത്തി. ഇത് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരിന്നു.
Source: www.pravachakasabdam.com