വധശിക്ഷ റദ്ദാക്കിയിട്ടും രഹസ്യ കേന്ദ്രത്തില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന പാക് ക്രൈസ്തവ വനിത ആസിയ ബീബിക്ക് അനുകൂലമായി വീണ്ടും സുപ്രീം കോടതി വിധി. ആസിയയെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവ്യു ഹര്‍ജി ഇന്നലെ തള്ളി. ആസിയ പാക്കിസ്ഥാന്‍ വിടുന്നതിനു തടസമില്ലെന്നു ചീഫ് ജസ്റ്റീസ് സയിദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയ വിധിയില്‍ ഒരു പിഴവുപോലും ഉള്ളതായി ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റീസ് ഖോസ ഇന്നലെ വിധി ന്യായത്തില്‍ പറഞ്ഞു.

ആസിയയെ കുറ്റവിമുക്തയാക്കിയതില്‍ പ്രതിഷേധിച്ച് തീവ്ര ഇസ്ലാം മതസ്ഥര്‍ പാക്കിസ്ഥാന്‍ മുഴുവന്‍ പ്രക്ഷോഭം അഴിച്ചുവിട്ടിട്ടും സുപ്രീം കോടതി നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരിന്നു. നേരത്തെ മതനിന്ദാനിയമം സംരക്ഷിക്കാനായി പോരാടുന്ന തെഹ്രിക് ലബ്ബായിക് (ടിഎല്‍പി) എന്ന പാര്‍ട്ടിക്കാരാണ് ആസിയയെ മോചിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചു പാക്കിസ്ഥാനിലുടനിളം ആക്രമണം അഴിച്ചുവിട്ടത്. ശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ വധഭീഷണി മുഴങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു.

സുപ്രീംകോടതി വിധിക്കെതിരേ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ആക്രമണം തുടരുകയാണ്. ഖ്വാരി മുഹമ്മദ് സലാം എന്ന ഇസ്ലാം നേതാവാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ആസിയയെ വിദേശത്തു പോകാന്‍ അനുവദിക്കരുത്, വധശിക്ഷ റദ്ദാക്കിയ വിധി പരിശോധിക്കാന്‍ പുരോഹിതന്‍ ഉള്‍പ്പെടുന്ന ബെഞ്ച് രൂപീകരിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ഇതെല്ലാം സുപ്രീം കോടതി തള്ളിക്കളഞ്ഞതോടെ സുരക്ഷിതമായ സ്ഥലത്തു പുതിയ ജീവിതം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആസിയായും കുടുംബവും.

Source: www.pravachakasabdam.com