വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എട്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നു ഒടുവില്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയ ക്രൈസ്തവ വനിത ആസിയ ബീബി സ്വതന്ത്രയാണെന്നും അവര്ക്കിഷ്ടമുള്ളിടത്തു പോകാമെന്നും പാക്കിസ്ഥാന് സര്‍ക്കാര്‍. എപ്പോള്‍ പാക്കിസ്ഥാന് വിടണമെന്ന് ആസിയയ്ക്കു തീരുമാനിക്കാമെന്നും വാര്‍ത്ത വിതരണ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. ഒക്ടോബര്‍ 31നാണ് ആസിയയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയത്. ആസിയയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ നല്കപ്പെട്ട റിവ്യു ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരിന്നു.
ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നേരത്തെ ഇറ്റലിയും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ ആസിയയ്ക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തു രംഗത്ത് വന്നിരിന്നു. വധശിക്ഷ റദ്ദാക്കി ആസിയായെ സുപ്രീംകോടതി വെറുതെ വിട്ടെങ്കിലും തീവ്ര ഇസ്ലാമിക വിശ്വാസികളുടെ പ്രക്ഷോഭത്തെ തുടര്‍ന്നു രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്. ആസിയയുടെ വധശിക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് തെഹ്രിക് ഇ ലബ്ബായിക് പാര്ട്ടിക്കാര് പാക്കിസ്ഥാനിലുടനീളം വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്.
Source: www.pravachakasabdam.com