ആഹാരം എന്നത് ആരുടെയും സ്വകാര്യസ്വത്തല്ലെന്നും മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ദൈവപരിപാലനയാണെന്നും ഫ്രാൻസിസ് പാപ്പ. ‘ആഹാരം’ എന്ന പദം ജലം, മരുന്ന്, പാർപ്പിടം, തൊഴിൽ തുടങ്ങിയവയെ ദ്യോതിപ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പൊതുസന്ദർശനത്തിന് എത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധനചെയ്യവേയാണ് പാപ്പ ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന കർത്തൃപ്രാർത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയുടെ തുടർച്ചയായിരുന്നു ഇത്തവണയും.
കർതൃപ്രാർത്ഥനയിൽ, നമ്മുടെ ആവശ്യങ്ങൾ ദൈവത്തിനു മുന്നിൽ അവതരിപ്പിക്കുന്ന രണ്ടാം ഭാഗം ഓരോ ദിനത്തിലും അത്യന്താപേഷിതമായ ‘അപ്പം’ എന്ന പദത്തോടുകൂടിയാണ് ആരംഭിക്കുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. വിമോചനത്തിനായും രക്ഷയ്ക്കായും യാചിക്കുന്ന അപേക്ഷകവൃന്ദത്തെ സുവിശേഷങ്ങളിൽ നാം കാണുന്നു. അവരിൽ, ഭക്ഷണത്തിനായി യാചിക്കുന്നവരുണ്ട്, രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നവരുണ്ട്, ശുദ്ധീകരണത്തിനും കാഴ്ച ലഭിക്കുന്നതിനും, പ്രിയപ്പെട്ട വ്യക്തിയുടെ ജീവനും വേണ്ടി പ്രാർത്ഥിക്കുന്നവരുമുണ്ട്.
വിശക്കുന്നവർക്കുവേണ്ടി തന്റെ കൈയിലുള്ളത് പങ്കു്വെക്കാൻ സന്നദ്ധനായ ഒരു ബാലനെ സുവിശേഷത്തിൽ കാണാം. ആ ബാലന്റെ ഉദാരതയെ യേശു വർദ്ധിപ്പിച്ചു. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ പൊരുൾ ആ ബാലൻ മനസിലായി. അതായത്, ആഹാരം സ്വകാര്യ സ്വത്തല്ല. അത് ദൈവ കൃപയാൽ പങ്കുവെക്കാനുള്ള പരിപാലനയാണെന്ന ചിന്ത എപ്പോഴും നമുക്കുണ്ടാകണം. അന്ന് യേശു പ്രവർത്തിച്ച യഥാർത്ഥ അത്ഭുതം, അപ്പം വർദ്ധിപ്പിച്ചു എന്നതിലുപരി, പങ്കുവെക്കലാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Source: www.deepika.com