കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയ വികാരിയുടെ ആർച്ച്പ്രീസ്റ്റ് പദവിക്കു സീറോ മലബാർ സഭാ സിനഡിന്റെ അംഗീകാരം. ജനുവരി ഏഴു മുതൽ 18 വരെ തീയതികളിൽ സഭാ ആസ്ഥാനത്തു നടന്ന സിനഡിന്റെ തീരുമാനം ഇന്നലെ കുറവിലങ്ങാട് ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മുന്പ് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഡിക്രി ഫാ.തോമസ് തൈയിൽ വായിച്ചു.
കുറവിലങ്ങാട് ഇടവകയെ മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയമാക്കി കഴിഞ്ഞ ജനുവരി 21ന് ഉയർത്തിയതോടെ ഇടവകയുടെ ചരിത്രവും സഭയുടെ പാരന്പര്യവും പരിഗണിച്ചു വികാരിയെ ആർച്ച്പ്രീസ്റ്റ് എന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നാമകരണം ചെയ്തിരുന്നു. സിനഡ് തീരുമാനത്തിലൂടെ ഈ നാമകരണത്തിനു സഭയുടെ അംഗീകാരം നൽകി. ഇതോടെ റവ.ഡോ.ജോസഫ് തടത്തിൽ സീറോ മലബാർ സഭയിലെ പ്രഥമ ആർച്ച്പ്രീസ്റ്റായി. കുറവിലങ്ങാട് പള്ളിയിലെ ഇനിയുള്ള എല്ലാ വികാരിമാരും ആർച്ച്പ്രീസ്റ്റ് എന്ന് അറിയപ്പെടും.
മാന്നാർ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തിൽ മാന്നാർ തടത്തിൽ പരേതനായ വർക്കിയുടെയും ഇലഞ്ഞി പാലക്കുന്നേൽ കുടുംബാംഗം മറിയാമ്മയുടെയും 11 മക്കളിൽ നാലാമനാണ്. ഉരുളികുന്നം വികാരി ഇൻചാർജ്, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറകടർ, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷൻ ലീഗ് ഡയറക്്ടർ, ശാലോം പാസ്റ്ററൽ സെന്റർ പ്രഥമ ഡയറക്ടർ, കുടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളിൽ വികാരി, ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം പ്രഥമ റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ഫെബ്രുവരി ഏഴുമുതൽ കുറവിലങ്ങാട് പള്ളി വികാരിയാണ്.
Source: www.deepika.com