പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തെ തുടര്‍ന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്ത അവസരത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള നിയോഗവുമായി പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത്. ‘പ്രേ, ലവ്, ഫാസ്റ്റ് ഫോര്‍ പീസ്‌’എന്ന പേരിലുള്ള പ്രചാരണ പരിപാടിയാണ് സംഘടന ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആയിരകണക്കിന് പാക്കിസ്ഥാനി ക്രൈസ്തവ യുവജനങ്ങളാണ് പ്രചാരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും പങ്കു ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആവസാനിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും നോമ്പ് കാലം മുഴുവനും പ്രാര്‍ത്ഥന ഉപവാസ കൂട്ടായ്മ നടക്കും. “നിന്നേപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കൂ” (മത്തായി 22:39) എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗമാണ് ‘പ്രേ, ലവ്, ഫാസ്റ്റ് ഫോര്‍ പീസി’ന്റെ മുഖ്യ പ്രമേയം. പ്രതിസന്ധിയുടെ ഈ സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ജീസസ് യൂത്ത് പാക്കിസ്ഥാന്റെ കോ-ഓര്‍ഡിനേറ്ററായ അയ്യാസ് ഗുള്‍സാര്‍ പറഞ്ഞു.

യുദ്ധമൊഴിവാക്കുന്നതിനായി നോമ്പ് കാലം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യാമെന്നും മറ്റുള്ളവരെ ഇതിനായി പ്രേരിപ്പിക്കണമെന്നും കറാച്ചി രൂപതയുടെ യൂത്ത് പാസ്റ്ററലിന്റെ ചുമതലയുള്ള ഫാ. മാരിയോ റോഡ്രിഗസ് ആഹ്വാനം ചെയ്തു. യുദ്ധം ഒരിക്കലും ഒരു നല്ല പരിഹാരമല്ല. ഇരു രാജ്യങ്ങളുടെ പക്കലും ന്യൂക്ലിയര്‍ ആയുധങ്ങളുണ്ടെന്നും അവ ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അടുത്ത നൂറ്റാണ്ട് വരെ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here