ഓസ്‌ട്രേലിയന്‍ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ടു ഇന്ന് 20 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയുംതിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.

ഒറീസായിലെകുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്.

ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നത് 2006-ല്‍ ആണ്. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്.

Source: www.pravachakasabdam.com