വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദര സഖ്യത്തിന്റെ അള്‍ത്താരകളായി പ്രഖ്യാപിച്ചുകൊണ്ട് പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നു. പ്രഖ്യാപനത്തെതുടര്‍ന്ന് പ്രസ്തുത അള്‍ത്താരകള്‍ക്കുമുമ്പില്‍ ജപമാലയര്‍പ്പിക്കുന്നവര്‍ക്കും, ജപമാലസഖ്യത്തില്‍ അംഗത്വമെടുക്കുന്നവര്‍ക്കും, അനേകം ദൈവാനുഗ്രഹങ്ങളും, പ്രത്യേകം ദണ്ഡവിമോചനാനുകൂല്യങ്ങളും ലഭിക്കും.മാര്‍പാപ്പയുടെ പ്രതിനിധിയായി ബോംബെയില്‍ നിന്നുമുള്ള ഡൊമിനിക്കന്‍ വൈദികനായ ഫാ. സുനില്‍ ഡിസൂസ ഒ.പി യാണ് പ്രഖ്യാപനത്തിനായി കേരളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
തൃപ്പൂണിത്തുറ സെന്റ് ജോസഫ് ചര്‍ച്ച്, തേവര സെന്റ് ജോസഫ് ചര്‍ച്ച്, ആലു എട്ടേക്കര്‍ സെന്റ് ജൂഡ് ചര്‍ച്ച്, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചര്‍ച്ച്, വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം, എന്നി ദേവാലയങ്ങള്‍ക്കാണ് പ്രത്യേക പദവി ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 5.30 ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടുകൂടിയാണ് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രല്‍ അള്‍ത്താരയെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്റെ അള്‍ത്താരയായി പ്രഖ്യാപിക്കുന്നത്.
നിത്യസഹായമാതാവിന്റെ തിരുനാളിനായുള്ള കൊടിയേറ്റത്തെ തുടര്‍ന്നാണ് പ്രസ്തുത ദിവ്യബലി അര്‍പ്പിക്കുന്നത്. വരാപ്പുഴ അതിരൂപതയില്‍ വല്ലാര്‍പാടം ബസലിക്കയും, എറണാകുളത്ത് സെന്റ് മേരീസ് ബസലിക്കയും, ഉള്‍പ്പെടെ ഇന്ത്യയിലൊട്ടാകെ15 ഓളം ദേവാലയങ്ങള്‍ക്ക് ഇപ്പോള്‍ ഈ പദവി ലഭിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആരംഭിച്ചമായ പരിശുദ്ധ ജപമാല സഹോദസഖ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ ക്രൈസ്തവസമൂഹത്തിനാകമാനം നല്കിയ ആത്മീയ ഉണര്‍വും, വിശ്വാസതീഷ്ണതയും, വിലമതിക്കാനാവാത്തതായിരുന്നു.