ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവദികള്‍ തട്ടിക്കൊണ്ടുപോയ ഈശോ സഭാംഗമായ ഇറ്റാലിയന്‍ പുരോഹിതന്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്ത പുറത്ത്. മരിച്ചുവെന്ന് പലരും വിധിയെഴുത്ത് നടത്തിയ ഫാ. ഡാല്‍’ഒഗ്ലിയോ എന്ന വൈദികന്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയാണ് ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണം ഇപ്പോഴും തുടരുന്ന മേഖലയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് കുര്‍ദ്ദിഷ് ഉറവിടങ്ങളെ ഉദ്ധരിച്ചുകൊണ്ട് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ കാന്റ്ലിയും, ന്യൂസിലന്‍ഡ്‌ സ്വദേശിനിയായ ഒരു നേഴ്സും അദ്ദേഹത്തോടൊപ്പമുണ്ട്. സുരക്ഷിതമായ പലായനത്തിനും, സ്വയം രക്ഷക്കുമായി അമേരിക്കയുടെ പിന്തുണയോട് കൂടി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന അറബ് സേനയോട് വിലപേശുവാനായിട്ടാണ് അവരെ ബന്ദിയാക്കി വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30 വര്‍ഷക്കാലമായി ഡമാസ്കസില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഡെയിര്‍ മാര്‍ മൂസ എന്ന പുരാതന ആശ്രമത്തില്‍ സേവനം ചെയ്തുവരികയായിരിന്ന അദ്ദേഹം 2013 ജൂലൈ 29-ന് വടക്കന്‍ സിറിയയിലെ റാക്കായില്‍ നിന്നുമാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നത്.

പിന്നീട് തീവ്രവാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി അല്‍-ഹൌത്താ എന്നറിയപ്പെടുന്ന ഗര്‍ത്തത്തിലേക്ക് എറിഞ്ഞുവെന്നൊരു വാര്‍ത്ത വിമതപക്ഷത്തിനിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഡെയിര്‍ എസ്സോര്‍ ഗവര്‍ണറേറ്റില്‍ അദ്ദേഹം ജീവനോടെയിരിപ്പുണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. മാര്‍ മൂസ ആശ്രമത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലും, അതിനെ വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളുടെ കേന്ദ്രമാക്കുന്നതിലും ഫാ. ഒഗ്ലിയോ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ലൊംബാര്‍ഡിയിലെ ഇറ്റാലിയന്‍ മേഖലയില്‍ 2012-ലെ സമാധാന പുനസ്ഥാപനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ നല്‍കിവരുന്ന പീസ്‌ പ്രൈസ് പുരസ്ക്കാരം ഇദ്ദേഹത്തിനായിരുന്നു.

Source: www.pravachakasabdam.com