സീറോ മലബാര്‍ സഭാംഗങ്ങളെ ഓസ്ട്രിയയില്‍ ജോലിയ്ക്കു വന്നിരിക്കുന്നവരുടെ ഒരു ഭാഷാസമൂഹം എന്നനിലയില്‍ നിന്നും ഒരു വ്യക്തിഗത സഭയുടെ അംഗങ്ങളായി അംഗീകരിച്ചു. ഇതോടെ സീറോ മലബാര്‍ സഭ ഓസ്ട്രിയയില്‍ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ (ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായി മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) നേരിട്ടുള്ള ഭരണത്തിന് കീഴിലായി. മാര്‍ച്ച് മൂന്നാം തിയതി വിയന്നയിലെ മൈഡ് ലിംഗ് ദേവാലയത്തില്‍ നടന്ന ചടങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനം നടന്നത്. ഓസ്ട്രിയയിലെ ഓര്‍ഡിനരിയാത്തിന്റെ മെത്രാന്‍ വിയന്ന അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ ആയിരിക്കും ഇനിമുതല്‍ രാജ്യത്തെ സീറോ മലബാര്‍ സഭാ അംഗങ്ങളുടെ മേല്‍ കാനോനികമായി അധികാരമുള്ള വ്യക്തി.
ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ ഭരണ നിര്‍വ്വഹണം നടത്തും. നിലവിലുള്ള സഭാസംവിധാനമനുസരിച്ച് യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്കുവേണ്ടി മാര്‍പാപ്പ നിയമിച്ചിരിക്കുന്ന അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വിശ്വാസികളുടെ സഭാപരവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങള്‍ ഓര്‍ഡിനറിയാത്തിന്റെ മെത്രാനെ സമയാസമയങ്ങളില്‍ അറിയിക്കുയും സന്ദര്‍ശനങ്ങള്‍ നടത്തുകയും, വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവരുടെ സഹകരണത്തോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യും.
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനായ വി. കുര്‍ബാനയില്‍ വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ, അപ്പസ്തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ.ചെറിയാന്‍ വാരികാട്ട്, വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈന്‍ വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവര്‍ക്കൊപ്പം, ചാന്‍സലര്‍ ആന്‍ഡ്രെയാസ് ലോട്ട്‌സ്, ആര്‍ഗെ ആഗിന്റെ ജനറല്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ ക്‌റാജിക്ക് എന്നിവരും, നിരവധി വൈദികരും വിശ്വാസികളും പങ്കു ചേര്‍ന്നു.
Source: www.pravachakasabdam.com