പൊതുതെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയ്ക്ക് ഏതെങ്കിലും മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. എന്നാല്‍ ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെ ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്നും പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെസിബിസി തയാറാക്കിയ സര്‍ക്കുലറില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഓര്‍മ്മിപ്പിച്ചു.
ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണ്. വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ഭാഷകളുമുള്ള ഭാരതം ഒരു രാജ്യവും ഒറ്റ ജനതയുമായി മുന്നേറുന്നതില്‍ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യസംവിധാനം മുഖ്യപങ്കു വഹിക്കുന്നു. കൃത്യസമയത്തു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഈ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. വോട്ടെടുപ്പില്‍ പങ്കുചേര്‍ന്ന് രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ ഓരോ പൗരനും കടമയുണ്ട്. സഭാംഗങ്ങളായ വോട്ടര്‍മാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടും വിവേകത്തോടുംകൂടി നിര്‍വഹിക്കണം.
തെരഞ്ഞെടുപ്പിന്റെ സമാധാനപൂര്‍ണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ഥിക്കണം. പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. ഏപ്രില്‍ ഏഴിനു കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിക്കും.
Source: www.pravachakasabdam.com