ചർച്ച് ബില്ലിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു തൃശൂരിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മുഖവിലയ്ക്കെടുക്കണമെങ്കിൽ സർക്കാർ നിയമിച്ച നിയമ പരിഷ്കരണ കമ്മീഷൻ ഇതിനോടകം പ്രസിദ്ധീകരിച്ച കരട് ചർച്ച് ബിൽ പിൻവലിക്കാൻ മുഖ്യമന്ത്രി ഇടപെടൽ നടത്തണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ചർച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പുച്ഛിച്ചു നിയമപരിഷ്കരണ കമ്മീഷൻ മുന്നോട്ടു നീങ്ങുന്നതും ഏഴ്, എട്ട് തീയതികളിൽ ഇതിനായി സിറ്റിംഗ് നടത്തുന്നതും ശരിയായ നടപടിയല്ല. നിയമ പരിഷ്കരണ കമ്മീഷനെ നിയമിച്ചതു സംസ്ഥാന സർക്കാരാണ്. കരട് ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് സർക്കാരിന്റെ വെബ്സൈറ്റിലുമാണ്. എന്നിട്ടിപ്പോൾ ചർച്ച് ബില്ലിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്ന ഭരണ നേതൃത്വങ്ങളുടെ വെളിപ്പെടുത്തൽ വിചിത്രമായി മാത്രമേ കാണാനാകൂ.
Source: www.pravachakasabdam.com