നൂറുകണക്കിന് ക്രൈസ്തവരുടെ രക്തം വീണു വിശുദ്ധീകരിക്കപ്പെട്ട കാണ്ഡമാലില്‍ വീണ്ടും പൗരോഹിത്യ വസന്തം. നാല് ഡീക്കന്മാരാണ് ഇന്നലെ അഭിഷിക്തരായത്. 2017-ൽ ഡീക്കന്‍ പട്ടം സ്വീകരിച്ച ഫാ. ഡിബ്യരഞ്ചൻ ദിഗൽ, ഫാ. ദീപക് ഉത്തൻ സിംഗ്, ഫാ. ആനന്ദ ഉത്തൻ സിംഗ്, ഫാ. അഖ്യ സേനാപതി എന്നിവരാണ് ഇന്നലെ ബാമുനിഗം ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ നടന്ന ശുശ്രൂഷയിൽ പൗരോഹിത്യം സ്വീകരിച്ചത്. 2007-ൽ തീവ്ര ഹൈന്ദവ സംഘം അഗ്നിക്കിരയാക്കിയിരുന്ന ദേവാലയമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.
മൂവായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ അന്‍പതോളം വൈദികരും സന്നിഹിതരായിരുന്നു. കട്ടക്ക് – ഭുവനേശ്വർ രൂപതയുടെ ഭാഗമാണ് കാണ്ഡമാലിലെ ഔർ ലേഡി ഓഫ് ലൂർദ് ഇടവക. അതേസമയം, പൗരോഹിത്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈദികന്റെ ബന്ധുക്കൾ യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർ മരണമടഞ്ഞത് ദുഃഖത്തിന് കാരണമായി. തന്റെ പ്രഥമ ബലിയർപ്പണം മരണമടഞ്ഞ ബന്ധുക്കൾക്കായി സമർപ്പിക്കുന്നുവെന്ന് വൈദികൻ പറഞ്ഞു. 2008-ൽ വനാന്തരങ്ങളിലേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെട്ട അമ്പത്തിയാറായിരത്തോളം ക്രൈസ്തവരിൽ ഒരാളായിരുന്നു താനെന്നും, പീഡനം തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2008-ല്‍ ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ കലാപം ഇന്നും ആയിരങ്ങളുടെ മനസ്സില്‍ കയ്പേറിയ ഓർമ്മകളാണ്. മാസങ്ങളോളം നീണ്ടു നിന്ന ക്രൈസ്തവ നരഹത്യയിൽ നൂറ് കണക്കിന് വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ആ രക്തം വൃഥാവിലായില്ലായെന്ന് ഓരോ ദിവസവും തെളിയിക്കുന്നതാണ് കാണ്ഡമാലില്‍ നിന്നുള്ള വാര്‍ത്തകള്‍. കഴിഞ്ഞ ഡിസംബറില്‍ 4 പേരാണ് കാണ്ഡമാലില്‍ പൗരോഹിത്യം സ്വീകരിച്ച് അഭിഷിക്തരായത്.
Source: www.pravachakasabdam.com