ആധുനിക ലോകത്തെ പ്രതിസന്ധികളിൽ പതറാതിരിക്കാൻ കുടുംബങ്ങളോടൊപ്പം ചേർന്ന് ആത്മവിശ്വാസം പകരാൻ കുടുംബ പ്രേഷിത രംഗത്തു സേവനം ചെയ്യുന്നവർക്കു കഴിയണമെന്നു സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തുരുത്തി കാനാ ദേശീയ കുടുംബ കാര്യാലയത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയിൽ പ്രത്യേകിച്ചു കേരള സഭയുടെ കുടുംബപ്രേഷിത രംഗത്തു കാനാ കുടുംബപ്രേഷിത കേന്ദ്രം നിർവഹിക്കുന്ന ശുശ്രൂഷ മഹത്തരമാണ്. വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ക്രൈസ്തവ ദർശനം പകരാൻ കാനാ കുടുംബ കേന്ദ്രത്തിനു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ജൂബിലിയുടെ ഭാഗമായി കാനായിൽ കുടുംബ സാമാഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിജയകരമായി മൂന്നു വർഷം ഗവേഷണം നടത്തുന്നവർക്കു പതിനായിരം രൂപവീതം ജോണ് പോൾ സെക്കൻഡ് ഫെലോഷിപ് എന്ന പേരിൽ നൽകുമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
Source: www.deepika.com