പ്രളയാനന്തര കുട്ടനാട്ടിൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നാലായിരത്തിലധികം കർഷകർക്കു സാന്പത്തിക സഹായം നൽകി. 59 ഇടവക പരിധിയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ ചെറുകിട നെൽകർഷകർക്കാണ് അന്പതുലക്ഷത്തോളം രൂപയുടെ സഹായം നൽകിയത്.
കഴിഞ്ഞ ജൂണ്‍ മുതൽതന്നെ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസിലൂടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തിവരികയായിരുന്നു. തുടർന്ന് ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിച്ച കുട്ടനാടൻ ജനതയ്ക്ക് ആശ്വാസമായി ചാസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അതിരൂപത സഹായങ്ങൾ എത്തിച്ചിരുന്നു.
കുട്ടനാടിന്റെ പുനർനിർമിതിക്കായി വിവിധ ഇടവകകൾ, സന്യാസ സമൂഹങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ മറ്റ് ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ ഭവനനിർമാണം, ശൗചാലയ നിർമാണം, കർഷക സഹായ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ എന്നിവ വിഭാവനംചെയ്തു നടപ്പാക്കി വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് നെൽകർഷകർക്കു സാന്പത്തിക സഹായം നൽകിയത്.
Source: www.deepika.com