കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 20-ാം സംസ്ഥാന സമ്മേളനം 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും. സമിതി രൂപംകൊണ്ട് 20 വർഷം പൂർത്തിയായതിന്റെ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനമാണു കൊച്ചിയിൽ നടക്കുന്നതെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സെക്രട്ടറിമാരായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
22നു വൈകുന്നേരം 4.30ന് എറണാകുളം ടൗണ്‍ ഹാളിനു മുന്നിൽ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തും. തുടർന്നു പാലാരിവട്ടം പിഒസിയിൽ സംസ്ഥാന ഭാരവാഹികളുടെ യോഗം. 23ന് രാവിലെ 10നു കച്ചേരിപ്പടിയിലുള്ള ആശീർഭവൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ ബോഡി സമ്മേളനം നടക്കും. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു ടൗണ്‍ ഹാളിൽ വാർഷിക സമാപന സമ്മേളനം. ചെയർമാൻ ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകനും നിയമസഭ മുൻ സ്പീക്കറുമായ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും.
മോണ്‍. മാത്യു ഇലഞ്ഞിമറ്റം സന്ദേശം നല്‍കും. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി, തങ്കച്ചൻ വെളിയിൽ, ആന്റണി ജേക്കബ്, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ റോസ്മിൻ, രാജൻ ഉറുന്പിൽ, വി.ഡി. രാജു, ജോസ് ചെന്പിശേരി, വൈ. രാജു, ഷിബു കാച്ചപ്പിള്ളി, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിക്കും.
Source: www.deepika.com