ക്രൈസ്തവ സഭകളിൽ സ്വത്ത് കൈകാര്യം ചെയ്യുന്നത് സുതാര്യവും, നീതി പൂർവ്വകവുമല്ല എന്ന ധ്വനി പൊതു സമൂഹത്തിനു നൽകി കൊണ്ട് “കേരള ചർച്ച് ബിൽ 2019 ” നടപ്പിലാക്കാനുള്ള നിയമ പരിഷ്കരണ കമ്മീഷന്റെ നടപടി ക്രൈസ്തവ സഭകളോടുള്ള വെല്ലുവിളിയാണെന്ന് ബിഷപ് ജോസഫ് കരിയിൽ പറഞ്ഞു. കൊച്ചി രൂപത യുവജന കൺവെൻഷൻ “Alive 2K19” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയിലെ വിവിധ ഇടവകയിലെ യുവജന ശുശ്രൂഷ സമിതി അംഗങ്ങളും, കെസിവൈഎം, ജീസസ്സ് യൂത്ത്, ക്രിസ്റ്റീൻ എന്നീ സംഘടനകളിലെ പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.
നിലവിൽ സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് സുതാര്യവും, കാര്യക്ഷമവുമായ നിയമങ്ങളുണ്ട്. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായാൽ സിവിൽ കോടതികളെ സമീപിക്കുവാനുള്ള സാഹചര്യമുണ്ടെന്നിരിക്കെ ചർച്ച് ബിൽ നടപ്പിലാക്കുവാനുള്ള ശ്രമം ഇന്ത്യൻ ഭരണഘടന ഉറപ്പ്. നൽകുന്ന മൗലീക അവകാശങ്ങൾ ഹനിക്കുന്നതും, മതനിരപേക്ഷതയുടെ ചൈതന്യം നിഷേധിക്കുന്നതും, സഭാസ്ഥാപനങ്ങളുടെ സമാധാനപൂർവ്വകമായ നടത്തിപ്പിന് വിഘാതം സ്യഷ്ടിക്കുന്നതുമാന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തോലിക്ക സഭയുടെ വിശ്വാസങ്ങളെയും, പാരമ്പര്യങ്ങളെയും വെല്ലുവിളിക്കുന്ന ബില്ലിനെ യുവജനങ്ങൾ ഒന്നടങ്കം എതിർത്തു.
സച്ചിൻ യേശുദാസിന്റെ നേതൃത്വത്തിൽ മ്യൂസിക് ബാന്റ് ഷോ നടന്നു. കൊച്ചി രൂപത വികാരി ജനറൽ മോൺ. പീറ്റർ ചsയങ്ങാട് വിശ്വാസ പ്രഖ്യാപന ചടങ്ങിന് നേതൃത്വം നൽകി. എൽസിവൈഎം സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചൻ. കെസിവൈഎം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി എഫ് ലോറൻസ്, കൊച്ചി രൂപത യൂത്ത് കമ്മിഷൻ ഡയറക്ടർ ഫാ. മെൽറ്റ്സ് കൊല്ലശ്ശേരി, ഫാ.രാജു മണ്ഡോത്തു പറമ്പിൽ, ഫാ.വർഗ്ഗീസ് ചെറുതീയ്യിൽ, ഫാ. സനീഷ് പുളിക്കപറമ്പിൽ, റ്റിൻസൻ തോമസ്, ജോസഫ് ദിലീപ്, ഫ്രാൻസിസ് ജോജി, കാസി പൂപ്പന, ക്രിസ്റ്റി ചക്കാലക്കൽ, മനോജ് സ്റ്റീഫൻ, എം ജെ ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.