രാജ്യത്ത് നടന്ന നവോത്ഥാന പ്രസ്ഥാനങ്ങളില്‍ ക്രൈസ്തവസഭ വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് തമസ്‌കരിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തൃശൂര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനവും വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വന്‍ഷനും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊട്ടുകൂടായ്മയും തീണ്ടലും നിലനിന്നിരുന്ന കാലത്ത് ജാതിമതചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതിനു തുടക്കം കുറിച്ചത് മിഷണറിമാരാണ്. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയ സഭയുടെ വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ബോധപൂര്‍വം തമസ്‌കരിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ചിലര്‍ ഇപ്പോള്‍ നടത്തുന്നത്.

തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഭയുടെ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും മറ്റും ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സഭയുടെയും സഭാനേതാക്കളുടെയും പങ്ക് അവിസ്മരണീയമാണെന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരു ശ്രമിച്ചാലും അതിനെ പ്രതിരോധിക്കുമെന്നു മാര്‍ പണ്ടാരശേരില്‍ വ്യക്തമാക്കി. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു.

Source: www.pravachakasabdam.com