കർണാടക തികച്ചും കർഷക സൗഹൃദ സംസ്ഥാനമാണെന്നു ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത്. രൂപത കാര്യാലയത്തിൽ കാത്തലിക് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അപേക്ഷിച്ച് കർഷകർക്ക് നല്ല സാഹചര്യവും പ്രതീക്ഷയുമാണ് കർണാടകയിലുള്ളത്. കർഷകന്റെ മാനസിക തകർച്ചയ്ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തിയാൽ കേരളത്തിൽ കർഷക ആത്മഹത്യകളുണ്ടാവില്ല. പ്രതീക്ഷ കൈവിടാതെ കാർഷിക മേഖല ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ആവശ്യമാണെന്നും ബിഷപ് പറഞ്ഞു.
ഭദ്രാവതി രൂപത കാത്തലിക്ക്് അസോസിയേഷൻ നിയുക്ത പ്രസിഡന്റ് ഡേവീസ് നീലങ്കാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്് അഡ്വ. ബിജു പറയനിലം മുഖ്യ പ്രഭാഷണം നടത്തി . കർണാടക ഈ ബജറ്റിൽ ക്രിസ്ത്യൻ മൈനോറിറ്റി ബോർഡ് രൂപീകരിക്കാൻ എടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ക്രിസ്ത്യൻ ദേവാലയങ്ങളുടെ നവീകരണത്തിനും മറ്റുമായി ഫണ്ട് അനുവദിക്കാനുള്ള തീരുമാനവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ പ്രസിഡന്റ് ലാൻസി ഡി. കുണ, ബെൽത്തങ്ങാടി രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ കെ.കെ., ഷിമോഗ രൂപത പ്രസിഡന്റ് ആന്റണി വിൽസൺ, ഭദ്രാവതി രൂപത ചാൻസലർ ഫാ. ഫ്രാൻസീസ് അള്ളുപുറത്ത്, ബെൽത്തങ്ങാടി രൂപത ഡയറക്ടർ ഫാ. ബിനോയ് കുര്യാളശേരി, ഭദ്രാവതി രൂപത പാസ്റ്ററൽ കൗൺസിൽ ജോ. സെക്രട്ടറി ജോമി മാത്യു, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിമാരായ ബിറ്റി നെടുനിലം, ബെന്നി ആന്റണി, ഭദ്രാവതി രൂപത ജനറൽ സെക്രട്ടറി ജേക്കബ് മറ്റം, ഭാരവാഹികളായ ഷെർലി മാത്യു, ഷൈനി രാജൻ എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com