വർധിച്ചുവരുന്ന കർഷക ആത്മഹത്യകൾ അത്യധികം ആശങ്കയും ദുഃഖവുമുളവാക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ ഏതാനും മാസങ്ങളിലായി ആറു കർഷകർ കടക്കെണിയിൽപ്പെട്ട് ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് സീറോമലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽനിന്നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ കർദിനാൾ തന്റെ ഉത്കണ്ഠ രേഖപ്പെടുത്തിയത്. നമ്മുടെ നാട്ടിലെ കർഷകർ ദുരിതത്തിലാണ്. കാർഷികവിളകളുടെ വിലയിടിവും വർധിച്ചുവരുന്ന വന്യമൃഗശല്യവും തലമുറകളായി കൃഷിചെയ്തുവരുന്ന ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണ് ഇന്നാട്ടിലെ കർഷകർ കടന്നുപോകുന്നത്.
മക്കളുടെ വിവാഹത്തിനും ഭവനനിർമാണത്തിനും മറ്റുമായി എടുക്കുന്ന ലോണുകൾ തിരിച്ചടയ്ക്കാനാകാതെ ജപ്തിഭീഷണി നേരിടുന്ന കർഷകരുടെ എണ്ണവും വർധിച്ചുവരുന്നു. ഇടുക്കിയിൽ ആത്മഹത്യചെയ്ത കർഷകരും ഈ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ ജീവൻ നഷ്ടപ്പെടുത്തിയവരാണ്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം. കൃഷി തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർഷിക വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകകുടുംബങ്ങളെ സഹായിക്കുവാൻ സർക്കാർ ഫലപ്രദമായ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.
ജനുവരി മാസത്തിൽ നടന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സഭാതലവനെന്ന നിലയിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സർക്കാർ സത്വര തീരുമാനം കൈക്കൊള്ളണം. ദുരിതത്തിലായിരിക്കുന്ന കർഷകകുടുംബങ്ങളെ കണ്ടെത്തുവാനും കഴിയുന്നവിധത്തിലെല്ലാം സഹായിക്കുവാനും രൂപതകളും ഇടവകകളും സംഘടനകളും ജാഗ്രതയുള്ളവരായിരിക്കണമെന്നും മാർ ആലഞ്ചേരി ആഹ്വാനംചെയ്തു.
Source: www.deepika.com