അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ അവരുടേതായ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ. ഇൻഫാം കർഷകദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ, സംസ്ഥാന കർഷക പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണമുന്നണിയുടെ നയങ്ങൾക്കനുസരിച്ചു മാത്രമേ സർക്കാരുകൾ കർഷകരുൾപ്പടെയുള്ള ജനവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുകയുള്ളൂ. നഷ്ടങ്ങളെ അതിജീവിക്കാൻ ഇൻഷ്വറൻസ് പോലുള്ള സുരക്ഷാ പദ്ധതികൾ കാർഷികരംഗത്ത് വ്യാപകമാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. കാർഷികോത്പന്നങ്ങളിൽ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങൾ പോലും സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി കൃഷി ലാഭകരമാക്കുന്ന വിജയകഥകൾ ഏവർക്കും പ്രചോദനകരമാകണമെന്നും അദ്ദേഹം പറഞ്ഞു.
കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച കർഷകസംഗമത്തിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷനായിരുന്നു. കാർഷികപുരോഗതിക്കായി ഇൻഫാം നടപ്പാക്കുന്ന ജൈവസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ വിഷയാവതരണവും ദേശീയ പ്രസിഡന്റ് പി.സി. സിറിയക് മുഖ്യപ്രഭാഷണവും നടത്തി. കൃഷി ഓഫീസർ കെ.സുദർശനൻ പിള്ള പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.
Source: www.deepika.com