നിലനിൽപ്പിനായി കർഷകർ നടത്തുന്ന സമരം അവസാനിക്കുന്നില്ല, ആരംഭിച്ചിട്ടേയുള്ളൂവെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ കര്‍ഷക അവകാശസംരക്ഷണ റാലിയോടനുബന്ധിച്ചു നടന്ന കര്‍ഷക മഹാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ സമ്മാൻ പദ്ധതിയായ രണ്ടായിരം രൂപ ഞങ്ങൾ കർഷകർക്കുവേണ്ട; പകരം കുത്തക കമ്പനികൾക്ക് ഗുണകരമായ റബറിന്റെ ഇറക്കുമതി ഇവിടെ അവസാനിപ്പിക്കുക. അല്ലാതെ ചെറിയ കിസാൻ സമ്മാൻ പദ്ധതികൊണ്ടൊന്നും പിന്മാറാൻ കർഷകർ തയാറല്ല, ഈ സമരം ആരംഭിച്ചിട്ടേയുള്ളു- ബിഷപ് പറഞ്ഞു.
ഒന്നാണ് കേരളം,ഒന്നാമതാണ് കേരളം എന്ന സർക്കാർ പരസ്യവാചകം കേൾക്കാൻ രസമുണ്ട്, ഒന്നു കണ്ണുതുറന്നു നോക്കൂ, എന്താണിവിടെ ഒന്നാമത്- കാട്ടുപന്നിയെ വളർത്തുന്നതിലോ? . ഞങ്ങളുടെ വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം കാട്ടുപന്നികൾ നിറഞ്ഞിരിക്കുന്നു. കാട്ടാന ഭീഷണിമൂലം കർഷകർ കുടിയിറങ്ങുന്നു. ആദ്യം കർഷകരെ സംരക്ഷിക്കൂ, എങ്കിൽ നമ്മൾ ഒന്നാകും. കടക്കെണിയിലായ കെഎസ്ആർടിസിയെ സഹായിക്കാൻ കോടികൾ നൽകാമെങ്കിൽ എന്തുകൊണ്ട് നിരാലംബരായ കർഷകരുടെ കടങ്ങൾ തള്ളുന്നില്ല. കേരളം ഒന്നാണ് എന്നതിനുപകരം കർഷകർ ഒന്നാണ് എന്നു ഞങ്ങൾ പറയുന്നു. താൻ രാജ്യത്തിന്റെ ചൗക്കീദാരാണെന്ന് ( കാവൽക്കാരൻ) പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾ കർഷകർ ആരുടെ ചൗക്കീദാരാവണം, കാട്ടാനയുടേയോ കാട്ടുപന്നിയുടേയോ അതോ പെരുമ്പാമ്പിന്റേയോ?. ഞങ്ങൾക്ക് ജീവിക്കാനെങ്കിലും അനുവാദം തരൂ. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടുവേണോ, ഉടനെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിക്കുക. ഞങ്ങളുടെ കൃഷിയിടത്തിൽ ഇനി വന്യമൃഗങ്ങൾ കടക്കില്ലെന്ന് വാഗ്ദാനം തരിക. അതിനുകഴിയില്ലെങ്കിൽ വോട്ടുചോദിച്ച് ആരും വീടുകളിലേക്ക് വരേണ്ട. വന്യമൃഗങ്ങളിൽനിന്ന് ഞങ്ങളെ രക്ഷിക്കൂ, ഇതൊരു അഭ്യർഥനയാണ്. വിജയം കണ്ടേ ഈ സമരം അവസാനിപ്പിക്കൂ- ബിഷപ് വ്യക്തമാക്കി.
Source: www.deepika.com