മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വാര്‍ത്ത ആഗോള മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പേപ്പല്‍ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കിയത് മലയാളി യുവാവ്. ഇരുപതു വര്‍ഷമായി ക്രിയേറ്റീവ് ഡിസൈനറും പൊന്‍കുന്നം വാഴൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശിയുമായ പ്രവീണ്‍ ഐസക്കാണ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കിയത്. ഒലിവുചില്ല കൊക്കിലേന്തിയ പ്രാവും യുഎഇയുടെ പതാകയുടെ നിറങ്ങള്‍ ചേര്‍ത്ത തൂവലുമാണ് ലോഗോയിലുള്ളത്.
ദുബായില്‍ 11 വര്‍ഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വികാരിയാത്ത് ഓഫ് സൗദി അറേബ്യയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തി ഒരു ജ്വല്ലറിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അറേബ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു. വികാരിയാത്ത് ഓഫ് സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇ.ജെ ജോണ്‍ ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രാധാന്യമുള്ള യുഎഇ സന്ദര്‍ശനത്തിനു ലോഗോ തയാറാക്കാന്‍ അവസരം ലഭിച്ചതു ഭാഗ്യമല്ല, ദൈവാനുഗ്രഹമാണെന്നു പ്രവീണ്‍ പറഞ്ഞു. ഒലിവിലയ്ക്കു പച്ചനിറം, പ്രാവിനു പേപ്പല്‍ നിറമായ മഞ്ഞ. പോപ്പ് ഫ്രാന്‍സിസ് എന്ന വാക്കിനു ബ്രൗണ്‍ നിറം നല്‍കിയത് ഫ്രാന്‍സിസ്കന്‍ സന്യാസസമൂഹം പിന്തുടരുന്ന നിറമെന്ന നിലയിലാണ്. ദിവസേന രാവിലെ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിച്ചിരിന്നുവെന്നും അനേകം മാതൃകകള്‍ തയാറാക്കിയ ശേഷം ഇഷ്ട്ടപ്പെട്ടത് ഈ ലോഗോ ആയിരിന്നുവെന്നും അത് അയച്ചുകൊടുക്കുകയായിരിന്നുവെന്നും പ്രവീണ്‍ പറയുന്നു.
ലോകത്തെ എല്ലാ മാധ്യമങ്ങളും പാപ്പയുടെ അറേബ്യന്‍ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ താന്‍ തയാറാക്കിയ ലോഗോയോടൊപ്പം നല്കുമ്പോള് പ്രവീണിനും കുടുംബത്തിനും നന്ദി പറയാനുള്ളത് ദൈവത്തോടു മാത്രമാണ്.
Source: www.pravachakasabdam.com