ചരിത്രത്തിലാദ്യമായി അറേബ്യന്‍ മേഖല സന്ദര്‍ശിക്കുന്ന പാപ്പ എന്ന പേരോടെ ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ അപ്പസ്തോലിക സന്ദര്‍ശനത്തിനു നാളെ തുടക്കമാകും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തിനായി നാളെ ഉച്ചയ്ക്കു റോമില്‍ നിന്നു പുറപ്പെടുന്ന പാപ്പ രാത്രിയോടെ അറേബ്യന്‍ മണ്ണില്‍ കാലുകുത്തും.
തിങ്കളാഴ്ച രാവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം ഉന്നതതല സ്വീകരണം നല്‍കും. തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്കും ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിക്കും. മുസ്ലിം കൗണ്സിദല് ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി അവിടെ മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുക്കുക. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അവധിയും സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Source: www.pravachakasabdam.com