ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇയിലെ ചരിത്രപരമായ അപ്പസ്തോലിക ചരിത്രസന്ദർശനത്തിനു സാക്ഷിയാകാൻ കേരളത്തിലെ കർദിനാൾമാരും. ലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളും പൊതുസമൂഹവും അനേക വർഷങ്ങളായി ആഗ്രഹിച്ച മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രത്തിലെ ബിജെപി സർക്കാർ സാങ്കേതികത്വം നിരത്തി തടയിട്ട സാഹചര്യത്തിലാണ്, ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികളുള്ള ഗൾഫ് രാജ്യത്ത് മാർപാപ്പയെത്തുന്നത്.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മാർപാപ്പയെ വരവേൽക്കാനായി ഇന്ന് അബുദാബിയിലെത്തും. യുഎഇയിലെത്തുന്ന കർദിനാൾമാരെ വിശ്വാസിസമൂഹം സ്വീകരിക്കും. ഇസ്ലാമിക രാജ്യത്ത് മാർപാപ്പയ്ക്കു നൽകുന്ന ഉൗഷ്മള വരവേൽപ് മതസൗഹാർദത്തിനുള്ള വലിയ ഉത്തേജനമാണെന്ന് കർദിനാൾ മാർ ആലഞ്ചേരി ദീപികയോടു പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും കർദിനാൾമാർ പങ്കെടുക്കും. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ ആഭിമുഖ്യത്തിൽ മാർപാപ്പയുടെ പ്രഥമ അറബ് സന്ദർശനം വിജയകരമാക്കുന്നതിൽ മലയാളീസമൂഹം സജീവമായി പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് കർദിനാൾമാരായ മാർ ആലഞ്ചേരിയും മാർ ക്ലീമിസ് ബാവയും ചൂണ്ടിക്കാട്ടി.
Source: www.deepika.com