
ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച് ആക്ടിന്റെ പേരില്‍ സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണാപരമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ തയാറാക്കിയതാണ് ചര്‍ച്ച് ആക്ട്. അന്ന് അതു പരിശോധിച്ച ഇടതുമുന്നണി നടപ്പിലാക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇപ്പോഴും ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ഇടതുമുന്നണിയോ സര്‍ക്കാരോ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇത് ഉപകാരപ്രദമാണ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല ക്രൈസ്തവ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ചര്‍ച്ച് ബില്‍ തയാറാക്കിയിട്ടുള്ളതെന്നു പറയുന്‌പോഴും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി.തോമസ് ഈ നിയമം ഉണ്ടാക്കാന്‍ സര്‍ക്കാരിനു താത്പര്യമുണ്ടെന്നു ബില്ലില്‍ രേഖപ്പെടുത്തിയതു കണ്ടില്ലെന്നു നടിക്കാനാവില്ല.
Source: www.pravachakasabdam.com