വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിത, വിദ്യാഭ്യാസ ദർശനങ്ങൾ പൊതുസമൂഹത്തിനും കേരളത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്കും എക്കാലവും മുതൽക്കൂട്ടാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഏതു ഭാഷകൾ പഠിച്ചു മുന്നേറിയാലും മാതൃഭാഷയ്ക്കാകണം പ്രഥമ പരിഗണനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ കിൻഡിൽ (ഇ-റീഡർ) വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനു സേവനം ചെയ്യുന്നതിലൂടെ ദൈവത്തെ സേവിക്കാമെന്നും, വിദ്യ പകർന്നു നൽകന്നതാണു മാനവസേവനത്തിന്റെ മഹദ് ദർശനമെന്നു പഠിപ്പിക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. ഭാരതസംസ്കാരം എന്നും പഠിപ്പിക്കുന്ന മാനവസേവ മാധവസേവ എന്ന ദർശനത്തിന്റെ പൊരുൾ ഉൾക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ചാവറയച്ചന്റെ പാത പിന്തുടർന്നു സിഎംഐ സന്യസ്തസമൂഹം വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ മഹത്തരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി ഉപരാഷ്ട്രപതിക്ക് ഉപഹാരം നൽകി.
Source: www.deepika.com