സംസ്ഥാന നിയമപരിഷ്കരണകമ്മീഷൻ കേരളസർക്കാരിനു സമർപ്പിച്ച ചർച്ച് പ്രോപ്പർട്ടി ബിൽ സംബന്ധിച്ച കരട് റിപ്പോർട്ട് സംയുക്ത ക്രൈസ്തവ സമ്മേളനം വിശകലനം ചെയ്യും. ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിൽ നാളെ രാവിലെ 10ന് വിവിധ കത്തോലിക്കാ, യാക്കോബായ, ഓർത്തഡോക്സ്, മർത്തോമ്മ, സി.എസ്.ഐ സഭാ മേലധ്യക്ഷൻമാരും പ്രതിനിധികളും യോഗം ചേരും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം റവ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും.
ചർച്ച് പ്രോപ്പർട്ടി ബിൽ 2019 സംബന്ധിച്ച് കെസിബിസി പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി അഡ്വ. ജോജി ചിറയിൽ, സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പൗരസ്ത്യ വിദ്യാപീഠം പ്രഫസർ റവ. ഡോ. ജോർജ് തെക്കേക്കര എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. വിവിധ എപ്പിസ്കോപ്പൽ സഭകളെ പ്രതിനിധീകരിച്ച് സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത (ഓർത്തഡോക്സ്), തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത (യാക്കോബായ), കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത (ക്നാനായ യാക്കോബായ), റവ. ഡോ. കെ.ജി. ഡാനിയേൽ (സിഎസ്ഐ.) തുടങ്ങിയവർ പ്രതികരണങ്ങൾ നടത്തും. തുടർന്ന് ചർച്ച് പ്രോപ്പർട്ടി ബിൽ സംബന്ധിച്ച് പൊതു ചർച്ചയും ഭാവി പരിപാടികളുടെ രൂപീകരണവും നടക്കും.
സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, തിരവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, പത്തനംതിട്ട ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, ക്നാനായ യാക്കോബായ സഭാമെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ഇവാനിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഓർത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ സേവേറിയോസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ തുടങ്ങിയവരും വിജയപുരം, പുനലൂർ, കോട്ടയം, ഇടുക്കി രൂപതകളെ പ്രതിനിധീകരിച്ച് വികാരിജനറാൾമാരും മാവേലിക്കര ഓർത്തഡോക്സ് കോർ എപ്പിസ്കോപ്പയും പ്രസംഗിക്കും.
Source: www.deepika.com