ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം തുടങ്ങിയ തിന്മകള് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപത കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രോലൈഫ് മെഗാ മെസേജ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവിനോട് ചേര്‍ന്ന് നില്ക്കുമ്പോള് ചുറ്റുമുള്ളവരെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും അതേ തലത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുവാനുമുള്ള പ്രചോദനം നമുക്ക് ലഭിക്കും. ജീവന്റെ പൂര്‍ണത ദൈവത്തോട് ചേര്‍ന്ന് അനുഭവിക്കുവാന്‍ പ്രോലൈഫുകാര് പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് നല്കുവാന് പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യണം. പ്രോലൈഫ് മെഗാ മെസേജ് ഷോ തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കുകയും ഇത്തരം തിന്മകളില് നിന്ന് അകന്നുനില്ക്കാന് നമ്മെ സഹായിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ജീവന്റെ ഉത്സവമായാണ് താന്‍ ഷോയെ വീക്ഷിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
പ്രോലൈഫ് രൂപതാ ഡയറക്ടര്‍ ഫാ.ഡോ. ബൈജു ജൂലിയന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജാക്സന് ജെയിംസ്, കെസിബിസി പ്രോലൈഫ് സംസ്ഥാന അനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, രൂപത പ്രസിഡന്റ് റോണാ റിബെയ്റോ, വൈശാഖന്, സംഗീത സംവിധായകന് സംഗീത് കോയിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.
Source: www.pravachakasabdam.com