സർക്കാരുകളുടെ അവഗണന മറികടന്നു ജീവിക്കണമെങ്കിൽ രാജ്യത്തെ മുഴുവൻ കർഷകരും ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. “”സർവലോക തൊഴിലാളികളേ സംഘടിക്കുവിൻ എന്ന പഴയ മുദ്രാവാക്യം മാറ്റിയെഴുതാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സർവലോക കർഷകരേ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനുള്ളത് പുതിയ ആകാശവും പുതിയ ഭൂമിയുമായിരിക്കും ” – കര്‍ഷകര്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്തകർഷക സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ കര്‍ഷക അവകാശസംരക്ഷണ റാലിയും കര്‍ഷക മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“”ഈ ലോകത്ത് കർഷകരില്ലെങ്കിൽ നാമെങ്ങനെ കാപ്പിയും ചായയും കുടിക്കും, നാമെങ്ങനെ ഭക്ഷണംകഴിക്കും. കർഷകർ ഒരുമിച്ചുനിൽക്കാത്തതുകൊണ്ടു മാത്രമാണ് അവരുടെ പ്രശ്നങ്ങൾ നിയമസഭയിലും പാർലമെന്റിലും എത്താതിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ അടുത്തയിടെ നടന്ന മഹത്തായ കർഷകസമരം വൻവിജയമായത് ഏവരും കണ്ടതല്ലേ. ആ പാത പിന്തുടർന്ന് നിങ്ങളും പോരാടണം. എങ്കിൽ മാത്രമേ ഇനി ജീവിക്കാനാവൂ. ഓരോരുത്തരെയും തീറ്റിപ്പോറ്റുന്ന കർഷകരുടെ പ്രശ്നങ്ങൾ സർക്കാരും ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കണം.
ഗ്രാമങ്ങളിലെ മുഴുവൻ കർഷകരും കടത്തിലും ജപ്തിഭീഷണിയിലുമാണ്. കൃഷി ചെയ്യാനാണവർ ബാങ്ക് വായ്പയെടുത്തത്. കൃഷി ചതിച്ചു, ഉരുൾപൊട്ടലും പ്രളയവുമുണ്ടായി, അതുമൂലം വൻതോതിൽ നാശമുണ്ടായി.ഈ അവസ്ഥയിൽ അവർക്ക് എങ്ങനെ വായ്പ തിരിച്ചടയ്ക്കാനാകും. അതിനാൽ ഉദ്യോഗസ്ഥരും ബാങ്ക് അധികാരികളും കുറച്ചെങ്കിലും മാനുഷ്യത്വമുള്ളവരായി മാറണം. കാർഷിക കടങ്ങൾക്ക് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചത് മാർച്ച് അഞ്ചിനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ അത് നടപ്പാക്കാനാവുന്നില്ല. ഉദ്യോഗസ്ഥരുടെ അലംഭാവമല്ലേ ഇതിനു കാരണം. വിളനശിപ്പിച്ച് നാട്ടിൽ വിളയാടുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ ഇവിടെ നിയമം നൂലിഴകീറിപരിശോധിക്കണം. വന്യമൃഗങ്ങൾ പെറ്റുപെരുകുന്നത് തടയാനായി ഒരുപ്രത്യേക കാലത്ത് അവയെ വെടിവയ്ക്കാൻ ജർമനിയിൽ നിയമമുണ്ട്. ഇവിടെയും അതുപോലെ നിയമം മാറണം, മാറ്റിയെഴുതപ്പെടണം. പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട മുഴുവനാളുകൾക്കും അടിയന്തരമായി സഹായം എത്തിക്കാൻ സർക്കാർ തയാറാവണം. കർഷകരെ നശിപ്പിച്ചാൽ, അവരെ തോൽപ്പിച്ചാൽ ആർക്കുംപിന്നെ ഇവിടെ നിലനിൽപ്പില്ലെന്ന് ഏവരും ഓർമിക്കണം. നമുക്കു ഭക്ഷണം നൽകാൻ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന കർഷകരെ ബഹുമാനിക്കണം- ബിഷപ് ഓർമിപ്പിച്ചു.
Source: www.deepika.com