കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താനുള്ള പിഎസ്സി തീരുമാനം പുനഃപരിശോധിക്കണമെന്നു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ ഓൺലൈനിൽ നടത്തുന്ന പശ്ചാത്തല സൗകര്യം എല്ലാ സർക്കാർ ഓഫീസുകളിലും ഉണ്ടായിരിക്കെ എൻജിനിയറിംഗ് കോളജുകളിലേക്കു പരീക്ഷാകേന്ദ്രങ്ങൾ മാറ്റുന്നതിന്റെ പേരിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പരീക്ഷാർഥികൾക്കും ഈ വിഭാഗത്തിൽപ്പെട്ട പരീക്ഷകൾക്ക് ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ഞായറാഴ്ചകളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെ പരീക്ഷ നടത്തുന്നത് ക്രിസ്ത്യൻ വിശ്വാസികളോടുള്ള വലിയ വെല്ലുവിളിയാണ്. ക്രിസ്ത്യൻ വിശ്വാസികൾ വലിയനോന്പ് ആചരിക്കുന്ന ഈ കാലയളവിൽ ഞായറാഴ്ച ആരാധനകൾക്ക് മുടക്കം വരുത്തുന്നവിധത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നു കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനം എല്ലാവരും തിരിച്ചറിയണമെന്ന് യോഗം അഭ്യർഥിച്ചു. ഞായറാഴ്ച പരീക്ഷ നടത്തുന്ന കേന്ദ്രങ്ങൾ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടി നടത്തുമെന്നു കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
Source: www.deepika.com