തിഹാര്‍ ജയിലില്‍വച്ചു ലഭിച്ച ബൈബിള്‍ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്തവിലക്ക് സുപ്രീം കോടതി നീക്കിയതിന്റെ സന്തോഷം പങ്കിടുവാന്‍ ശ്രീശാന്തിന്റെ സുഹൃത്തും വഴികാട്ടിയുമായ കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ജയിലിലായപ്പോള്‍ അന്നു ഡല്‍ഹിയില്‍ സിബിസിഐയുടെ ജയില്‍ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. ജോണ്‍ പുതുവ, ജയിലില്‍ ശ്രീശാന്തിനെ പലവട്ടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തിരുന്നു.
അത്തരമൊരു സന്ദര്‍ശനവേളയിലാണ് താരത്തിന് ഫാ. ജോണ്‍ പുതുവ ബൈബിള്‍ സമ്മാനിച്ചത്. ജീവിതത്തിലെ സംഘര്‍ഷനിമിഷങ്ങളില്‍ അച്ചന്‍ സമ്മാനിച്ച ബൈബിളും പ്രാര്‍ത്ഥനയും ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നു ശ്രീ തുറന്ന്‍ പറഞ്ഞു. അന്ന് അച്ചനില്‍നിന്നു കേട്ട ആശ്വാസവാക്കുകള്‍ പ്രചോദനമായി ഇപ്പോഴും മനസിലുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പതറാതെ മുന്നോട്ടുപോകാന്‍ ആ വാക്കുകള്‍ സഹായകമായെന്നും താരം കൂട്ടിച്ചേര്‍ത്തു. സങ്കടനാളുകളില്‍ ആശ്വാസമായി കൂടെയെത്തിയ വൈദികനെ കാലില്‍ തൊട്ടു വന്ദിച്ചാണു ശ്രീശാന്ത് ഭവനത്തിലേക്ക് സ്വീകരിച്ചത്.
Source: www.pravachakasabdam.com