‘തോമാശ്ലീഹായുടെ നടപടികള്‍’  എന്ന പുരാതനഗ്രന്ഥം ഭാരതത്തിലെ ആദിമക്രൈസ്തവരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഏറ്റവും പുരാതനമായ ലിഖിതരേഖ എന്ന നിലയില്‍ ഗൗരവമായ പഠനവിധേയമാക്കേണ്ടതാണെന്ന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസ്താവിച്ചു. സീറോ-മലബാര്‍ സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ സംഘടിപ്പിച്ച 56-ാമത് ത്രിദിന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏ. ഡി. രണ്ടാം നൂറ്റാണ്ടില്‍ സിറിയയില്‍ രൂപീകൃതമായ ഈ പുരാതനഗ്രന്ഥം അപ്പസ്തോലനായ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു ചരിത്രഗ്രന്ഥത്തിന്‍റെ ആധികാരികത അവകാശപ്പെടാന്‍ ഇതിനു കഴിയുകയില്ല എന്നതുകൊണ്ടുമാത്രം ഭാരതത്തിലെ ക്രൈസ്തവരെ സംബന്ധിക്കുന്ന ഏറ്റവും പുരാതനമായ ലിഖിതരേഖ എന്ന നിലയിലുള്ള ഇതിന്‍റെ പ്രാധാന്യത്തിന് മങ്ങലേല്ക്കുന്നില്ല.

ഭാരതക്രൈസ്തവസംസ്കാരത്തിന്‍റെ ആദിമവിശുദ്ധിയും ആദ്ധ്യാത്മികതയും തൊട്ടറിയാന്‍ ഇന്നത്തെ തലമുറയെ സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. വിശുദ്ധിയിലേക്കുള്ള ആഹ്വാനം എന്നത് ഈ ഗ്രന്ഥത്തിന്‍റെ കാതലായി വര്‍ത്തിക്കുന്നു എന്നും അദേഹം പ്രസ്താവിച്ചു. പൗരാണിക ഇന്ത്യയും മദ്ധ്യപൂര്‍വ്വ ഏഷ്യന്‍ സംസ്കാരങ്ങളും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളുടെ ചരിത്രത്തിലേയ്ക്കു സൂചനകള്‍ നല്കുന്ന ഗ്രന്ഥം എന്ന നിലയില്‍ മാര്‍തോമ്മാക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ ഗ്രന്ഥം.

തോമാശ്ലീഹായുടെനടപടികള്‍ഭാരത സുവിശേഷവത്കരണത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ ലിഖിതരേഖ എന്നതാണ് സെമിനാറിന്‍റെ വിഷയം. സെമിനാറിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍  സീറോ-മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, ഡോ. ജെയിംസ് പുലിയുറുമ്പില്‍, റവ. ഡോ. ജെയിംസ് കുരികിലംകാട്ട്, ശ്രീ. ടോമി ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Source: LRC