ദളിത് ക്രൈസ്തവർക്ക് ഇതര മതവിഭാഗങ്ങളിലെ ദളിതർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നതു പ്രത്യക്ഷമായ നീതി നിഷേധമാണെന്നു സീറോ മലബാർ സഭ സിനഡ് വിലയിരുത്തി. പതിറ്റാണ്ടുകളായി സഭ ഉന്നയിക്കുന്ന ദളിതരുടെ അവകാശ സംരക്ഷണമെന്ന ആവശ്യം അധികാരികൾ അവഗണിക്കുന്നതു മതപരമായ വിവേചനമാണ്. ദളിത് കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനു സഹായം നൽകാൻ സഭയിലുള്ള പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും സിനഡ് തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രണ്ടാഴ്ചയായി സമ്മേളിക്കുന്ന സിനഡ് ഇന്നു സമാപിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സമാപന സന്ദേശത്തോടെയാണു സഭയുടെ 27 -ാ മത്തെ സിനഡിനു സമാപനമാകുന്നത്.
വിദ്യാഭ്യാസ മേഖലയിൽ അനാവശ്യ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നു സിനഡ് നിരീക്ഷിച്ചു. അധ്യാപക തസ്തികകൾ അനുവദിക്കാതെയും നിയമനങ്ങൾ പാസാക്കാതെയും എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നയമാണ് ഇടതുമുന്നണി സർക്കാരും പിന്തുടരുന്നതെന്നതു ഖേദകരമാണ്. ആയിരക്കണക്കിന് അധ്യാപകർ വർഷങ്ങളായി വേതനമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ആത്മാർഥത കാട്ടണം. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശത്തിൽ അനാവശ്യമായ ഇടപെടൽ നടത്തുന്ന നിയമനിർമാണങ്ങളിൽനിന്നു സർക്കാർ പിന്തിരിയണം. എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സർക്കാർ ഈ മേഖലയിലാണു കേരളത്തിലെ ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കുന്നത് എന്ന സത്യം വിസ്മരിക്കരുത്.
കാർഷികമേഖലയിലെ തിരിച്ചടികൾ മൂലം കർഷകർ നിത്യദാരിദ്ര്യത്തിലേക്കു നീങ്ങുന്ന ദയനീയ അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് അല്മായ നേതാക്കൾ സിനഡിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കി. കേരളം നേരിട്ട പ്രളയത്തെ അതിജീവിക്കാൻ സീറോ മലബാർ സഭ ക്രിയാത്മകമായ പങ്കു വഹിച്ചെന്നു സിനഡ് വിലയിരുത്തി. സഭയിലെ വിവിധ രൂപതകളും സന്യാസസമൂഹങ്ങളും ചേർന്നു 188 കോടിയിൽപരം രൂപ സമാഹരിച്ചുവെന്നു സിനഡിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട വിവിധ പ്രദേശങ്ങളിലെ ഏറ്റവും അർഹരായവർക്കു ജാതിമതഭേദമെന്യേ ഈ തുക ലഭ്യമാക്കിയതിനെ സിനഡ് അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.13 കോടി രൂപ കൂടി സീറോ മലബാർ സഭയുടെ സംഭാവനയായി നൽകാനും സിനഡ് തീരുമാനിച്ചു.
Source: www.deepika.com