കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദു:ഖവെള്ളിയാഴ്ചയിലെ പൊതു അവധി റദ്ദാക്കിയ നടപടിയെ അപലപിച്ച് ദേശീയ മെത്രാന്‍ സംഘം സെക്രട്ടറി മോൺ.തിയോഡോർ മസ്കാരൻഹസ്. ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ നടപടി അത്യന്തം ഖേദകരമാണെന്നും ന്യൂനപക്ഷ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞു.
വിവേചനാപരമായ ഇത്തരം നടപടികൾ ജനഹിതം മാനിച്ച് പുനപരിശോധിക്കണം. പൊതു അവധിയിൽ നിന്നും ദുഃഖവെള്ളിയെ നീക്കം ചെയ്ത അധികൃതർ അന്നേ ദിവസം ദേവാലയ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ ലീവിന് അപേക്ഷിക്കണമെന്ന നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദാദ്ര നഗര്‍ ഹവേലിയിൽ ഏഴും ദാമന്‍ ദിയുവിൽ നാലും ദേവാലയങ്ങളിലായി ആയിരകണക്കിന് ക്രൈസ്തവരാണ് ഇടവകാംഗങ്ങളായി ഉള്ളത്. ഏപ്രിൽ ഇരുപത്തിമൂന്നിന് ഇരു പ്രദേശങ്ങളിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജോലികൾ പൂർത്തിയാക്കാനെന്ന വ്യാജേനയാണ് ക്രൈസ്തവരുടെ കടപ്പെട്ട ദിവസമായ ദുഃഖവെള്ളി പ്രവർത്തി ദിവസമായി നിശ്ചയിച്ചിരിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. അധികൃതരുടെ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രസ്തുത വിഷയത്തിൽ ഇടപെട്ട് തീരുമാനം പിൻവലിയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സമീപിച്ചിട്ടുണ്ടെന്നും മോൺ.മസ്കാരൻഹസ് പറഞ്ഞു.
നേരത്തെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിയുടെ പിറന്നാൾ ദിനമെന്ന നിലയിൽ ഡിസംബർ ഇരുപത്തിയഞ്ച് പ്രവർത്തി ദിവസമായി ആചരിക്കണമെന്ന രീതിയിൽ നേരത്തെയും സമാനമായ നീക്കം ബിജെപി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിയ്ക്കുകയായിരുന്നു. ക്രൈസ്തവ സമൂഹത്തെ വിവേചന ബുദ്ധിയോടെ കാണുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ഭൂരിപക്ഷ സമൂഹവും പിന്തുണയുമായി രംഗത്തുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Source: www.pravachakasabdam.com