ക്രൈസ്തവ സമൂഹം ഏറെ പ്രാധാന്യത്തോടെ കാണുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം നടത്താനുള്ള ശ്രമം അപലപനീയമാണെന്നു കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ദുഃഖവെള്ളിയാഴ്ച പകല്‍ എല്ലാ ക്രൈസ്തവ ആരാധനാലയങ്ങളിലും ശുശ്രൂഷകള്‍ നടക്കുന്നതും അതില്‍ ഭക്തിയോടുകൂടി ജനം പങ്കെടുക്കുന്നതും പൊതുസമൂഹത്തിന് അറിവുള്ളതാണെന്നും ഇതു സംബന്ധിച്ചു വാര്‍ത്തകള്‍ വന്നിട്ടും ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ മൗനം പാലിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

പള്ളികളോടു ചേര്‍ന്നാണ് സഭകളുടെ സ്‌കൂളുകളില്‍ ബഹുഭൂരിപക്ഷവും. ഈ സാഹചര്യത്തില്‍ ദുഃഖവെള്ളിയാഴ്ച മൂല്യനിര്‍ണയം നടന്നാല്‍ അത് ആരാധനയെ ബാധിക്കുകയും വിശ്വാസി സമൂഹത്തിനു പ്രയാസമാകുകയും ചെയ്യും. അതിനാല്‍ ദുഃഖവെള്ളിയാഴ്ച മൂല്യനിര്‍ണയം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി റവ.ഡോ. റെജി മാത്യു, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവിച്ചു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here