ദു:ഖവെള്ളിയാഴ്ച ദേവാലയങ്ങളില്‍ നടത്തുന്ന സ്‌തോത്രക്കാഴ്ച ഈ വർഷവുംവിശുദ്ധനാട്ടിലെയും മിഡില്‍ ഈസ്റ്റ് ക്രിസ്ത്യാനികളുടെയും അതിജീവനത്തിനുമായി നല്‍കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ഉദാരമതികളായ എല്ലാ ക്രിസ്ത്യാനികളുടെയും അകമഴിഞ്ഞ സഹായം ഇതിനായി ആവശ്യമുണ്ടെന്ന് മാര്‍ച്ച് 28ന് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ വാര്‍ഷിക അഭ്യര്‍ത്ഥനയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വർഷമായി ദു:ഖവെള്ളിയിലെ സ്‌തോത്രക്കാഴ്ച മിഡില്‍ ഈസ്റ്റിനു വേണ്ടിയാണു സഭ ചെലവഴിക്കുന്നത് .
ഇത് സംബന്ധിച്ച് ലോകമെങ്ങുമുള്ള ബിഷപ്പുമാര്‍ക്ക് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രി കത്തയച്ചു. തീവ്രവാദി ആക്രമണം,ആഭ്യന്തര യുദ്ധം ഇവ മൂലം വിദേശരാജ്യങ്ങളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കും സഹായം ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ സാന്‍ഡ്രി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും അവിടെ താമസിക്കുന്ന കത്തോലിക്കര്‍, പ്രവര്‍ത്തിച്ചു വരുന്ന സ്‌കൂളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, വൈദികര്‍ സന്യാസികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇവയുടെയല്ലാം ചുമതലയാണ് ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡിക്കുള്ളത്. ഇവരുടെയെല്ലാം ക്ഷേമത്തിനാണ് ഈ വര്‍ഷത്തെ ദു:ഖവെള്ളിയിലെ സ്‌തോത്രക്കാഴ്ച വിനിയോഗിക്കുക.
Source: www.deepika.com
Follow this link to join Catholic Focus’WhatsApp group to get daily Catholic news:
https://chat.whatsapp.com/HWhs85Sxbk76nBKQmapkj8