സഭയ്ക്കു ദൈവശാസ്ത്രം ആവശ്യമാണ്, ദൈവശാസ്ത്രജ്ഞനു സഭയും. ദൈവശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്ന വിശ്വാസം സഭയുടെ വിശ്വാസവും പ്രബോധനവുമായിരിക്കണം. സഭയുടെ വിശ്വാസം ജനങ്ങൾക്കു ജീവിക്കാൻ ഉതകുന്ന തരത്തിൽ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രജ്ഞരുടെ ദൗത്യം. സഭയുടെ വിശ്വാസത്തിന്റെ പങ്കുയ്ക്കലിൽ ഭാരതസഭയിലെ ദൈവശാസ്ത്രജ്ഞരുടെ പങ്ക് അഭിനന്ദനാർഹമാണ് – റോമിലെ വിശ്വാസതിരുസംഘം പ്രീഫെക്ട് കർദിനാൾ ലൂയിസ് ലദാരിയ ബംഗളൂരുവിൽ പറഞ്ഞു.
റോമിലെ വിശ്വാസതിരുസംഘ കാര്യാലയവും ഇന്ത്യൻ മെത്രാൻ സമിതിയും സംയുക്തമായി ബംഗളൂരുവിൽ സെന്റ് ജോൺസ് മെഡിക്കൽ കോളജ് അക്കാഡമിയിൽ നടത്തിയ അന്താരാഷ്ട്ര ദൈവശാസ്ത്ര സിന്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തിലും മാറിയ രാഷ്ട്രീയ പശ്ചാത്തലത്തിലും സുവിശേഷവത്ക്കരണത്തിന്റെ നവീന മാർഗങ്ങളെക്കുറിച്ചു സമ്മേളനം വിശദമായി ചർച്ച നടത്തി. വിശ്വാസ തിരുസംഘത്തിൽനിന്നു പ്രീഫക്ടിനൊപ്പം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ, കർദിനാൾ ഡോ. ഓസ്വാർഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവർ സിന്പോസിയത്തിനു നേതൃത്വം നൽകി. കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പതിനൊന്നംഗ ദൈവശാസ്ത്ര സംഘവും സിന്പോസിയത്തിൽ പങ്കെടുത്തു.
Source: www.deepika.com