വർഷങ്ങൾ നീണ്ട സോഷ്യലിസ്റ്റ് സർക്കാരിന്റെ ഭരണം വെനിസ്വേലൻ ജനതയെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി കത്തോലിക്കാ സന്യാസിനി. രാജ്യ തലസ്ഥാനമായ കാരക്കാസിൽ നേഴ്സിങ് ഹോം നടത്തുന്ന കത്തോലിക്കാ സന്യാസിനിയായ മദർ എമിലിയ റെവേറോയാണ് വെനസ്വേലൻ ജനതയ്ക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. രാഷ്ട്രീയ അരാജകത്വം നടമാടുന്ന വെനിസ്വേലയിൽ ഭക്ഷണത്തിനും മരുന്നിനും വെള്ളത്തിനും വലിയ ക്ഷാമമാണുള്ളത്. പ്രായമായവരെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ രാജ്യത്തു സംജാതമായപ്പോള്‍ മദർ എമിലിയയുടെ നേഴ്സിങ് ഹോം ആരോരുമില്ലാത്ത 40 പേർക്കാണ് അഭയം നൽകിയിരിക്കുന്നത്.

നഴ്സിങ് ഹോമിൽ ഉള്ളവർക്ക് ഭക്ഷണവും, വസ്ത്രവും ശുദ്ധ ജലവും നൽകുകയാണ് തങ്ങളുടെ ദൗത്യമെന്ന് മദർ എമിലിയ സ്കൈ ന്യൂസ് മാധ്യമത്തോട് പറഞ്ഞു. നേഴ്സിങ് ഹോമിൽ കഴിയുന്ന പ്രായമായവരിൽ പലരുടെയും ബന്ധുക്കൾ രാജ്യം തന്നെ ഉപേക്ഷിച്ചു വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. നേഴ്സിംഗ് ഹോമിൽ താമസിക്കുന്നവർ അല്ലാത്ത പുറമേ നിന്നു വരുന്നവർക്കും മദർ എമിലിയ ഉച്ചഭക്ഷണം അടക്കമുള്ളവ നൽകുന്നുണ്ട്. ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ധനസഹായം ഒന്നും നൽകുന്നില്ലെന്നും, ആളുകളിൽ നിന്ന് ലഭിക്കുന്ന സംഭാവന കൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മദർ എമിലിയ വെളിപ്പെടുത്തി.

നിക്കോളാസ് മഡുറോ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ ഏകാധിപത്യഭരണമാണ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിൽ കത്തോലിക്കാസഭയാണ് ഏറ്റവും മുന്നിലുള്ളതെന്നതും ശ്രദ്ധേയമാണ്.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here