നീതിയും സമാധാനവും സ്ഥാപിക്കുകയാണു സാമൂഹിക നേതൃത്വത്തിന്റെ പ്രധാന ദൗത്യമെന്നു കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ.
കേരള ലേബർ മൂവ്മെന്റ് പിഒസിയിൽ സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം തങ്ങളിലേൽപ്പിക്കുന്ന വിശ്വാസം കാത്തുപാലിക്കാൻ നേതൃത്വത്തിലുള്ളവർക്കു ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ലേബർ മൂവ്മെന്റ് പ്രസിഡന്റ് ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.വർഗീസ് വള്ളിക്കാട്ട്, കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറന്പിൽ, ജനറൽ സെക്രട്ടറി കെ.ജെ. തോമസ്, കെഎൽഎം വനിതാ ഫോറം പ്രസിഡന്റ് മോളി ജോബി, വൈസ് പ്രസിഡന്റ് സ്റ്റീഫൻ കൊട്ടാരത്തിൽ, സെക്രട്ടറി ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറിയായിരുന്ന ഫാ. ജോർജ് തോമസ് നിരപ്പുകാലയിലിനെ യോഗം ആദരിച്ചു. കെഎൽഎം അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജൂഡ്, കെഎൽഎം മുൻ സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ പാലപ്പറന്പിൽ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ പ്രസിഡന്റ് ജോയി ഗോതുരുത്ത്, കെഎൽഎം വൈസ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് തുടങ്ങിയവർ ക്ലാസുകൾ ക്ക് നേതൃത്വം നൽകി.
Source: www.deepika.com