ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയിലെ എനിഗു സംസ്ഥാനത്തു നിന്നും കാണാതായ കത്തോലിക്ക വൈദികന്റെ മൃതദേഹം കണ്ടെത്തി. സെന്റ് മാർക്ക് ദേവാലയത്തിലെ വൈദികനായിരുന്ന ഫാ. ക്ലെമൻറ്റ് ഉഗുവിന്റെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. നേരത്തെ സെന്റ് മാർക്ക് ദേവാലയത്തിൽ നിന്നാണ് വൈദികന് നേരെ വെടിയുതിർത്തത് ശേഷം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളെ എനിഗു രൂപത മെത്രാൻ കലിസ്റ്റസ് ഒനാഗാ അപലപിച്ചു.
രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടി ക്രൈസ്തവർ പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ക്ലെമൻറ്റ് ഉഗുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിനരികെ തങ്ങൾ ഉണ്ടെന്ന് പോലീസ് ഉറപ്പു പറഞ്ഞിരുന്നുവെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലായെന്ന് ബിഷപ്പ് കലിസ്റ്റസ് ഒനാഗാ ആരോപിച്ചു.
മൂന്നുതവണയാണ്, ഫാ. ക്ലെമൻറ്റിന്റെ മോചനത്തിനായി മെത്രാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി പോലീസിനെ കണ്ടത്. അതേസമയം നൈജീരിയായില്‍ വൈദികര്‍ക്കും ക്രൈസ്തവര്‍ക്കും നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. അക്രമം തടയാന്‍ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ആവശ്യമുയരുന്നുണ്ട്.
Source: www.pravachakasabdam.com