ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ നരഹത്യ അറുതിയില്ലാതെ തുടരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് ക്രൈസ്തവരാണ് തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നരഹത്യ ജില്ല ഗവർണർ നാസിർ എൽ റുഫായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ മാസം (ഫെബ്രുവരി) മുതൽ ഇതുവരെ നൈജീരിയന്‍ ഗ്രാമങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 129 ആയി. അക്രമത്തില്‍ ഗ്രാമത്തിലെ നിരവധി ഭവനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.
നൈജീരിയൻ ക്രൈസ്തവർക്ക് കടുത്ത ഭീഷണിയായി മാറിയിരിക്കുന്ന ഫുലാനി ജിഹാദികൾ ഇങ്കിരിമി, ഡോഗോന്നോമ, ഉങ്ഗ്വാന്‍ ഗോര എന്നീ ഗ്രാമങ്ങളില്‍ കഴിഞ്ഞ ആഴ്ച അക്രമം അഴിച്ചുവിട്ടിരിന്നു. നൂറ്റിനാൽപ്പത്തിമൂന്ന് ഭവനങ്ങളാണ് അന്ന്‍ അക്രമികള്‍ തകര്‍ത്തത്. 2015 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഒൻപതിനായിരത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന സാധാരണക്കാരെ വധിച്ചുവെന്ന് നൈജീരിയന്‍ പത്രമായ ഡെയിലി പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആയിരത്തിലധികം ദേവാലയങ്ങളും ആരാധനാലയങ്ങളുമാണ് ഇക്കാലയളവില്‍ ആക്രമിക്കപ്പെട്ടത്. ഭീകരമായ മനുഷ്യക്കുരുതി നടന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത നിശബ്ദത പാലിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Source: www.pravachakasabdam.com