നോമ്പുകാല പരിത്യാഗമായി വെള്ളിയാഴ്ചകളിൽ ഫോൺ ഉപയോഗം കുറച്ച് യേശുവിനെ അടുത്തറിയാന്‍ ശ്രമിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശിലെ കർദ്ദിനാൾ പാട്രിക്ക് ഡി’ റൊസാരിയോ. വിഭൂതി ബുധനോടനുബന്ധിച്ച് മാർച്ച് ആറിന് ധാക്ക ഹോളി റോസറി കത്തോലിക്ക ദേവാലയത്തിൽ നടന്ന ദിവ്യബലിയർപ്പണത്തിൽ സന്ദേശം നൽകുകയായിരുന്നു കർദ്ദിനാൾ. “പ്രിയപ്പെട്ട യുവജനങ്ങളെ, നോമ്പുകാല പരിത്യാഗമായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ സ്മാർട്ട് ഫോൺ ഉപയോഗം പരിമിതപ്പെടുത്തണം. ഈ സമയം പരസ്പര ബന്ധവും യേശുക്രിസ്തുവുമായുള്ള ബന്ധവും ശക്തിപ്പെടുത്താൻ വിനിയോഗിക്കുക”. ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
നിങ്ങളെല്ലാവരും നിങ്ങളുടെ മൊബൈൽ ഫോണിനെ സ്നേഹിക്കുന്നവരാകാം. എന്നാൽ, അത് പരസ്പര സ്നേഹത്തിനും മനുഷ്യവംശത്തിന്റെ പാപമോചനത്തിനായി സ്വന്തം ജീവൻ ബലികഴിച്ച യേശുക്രിസ്തുവിനോടുള്ള സ്നേഹത്തേക്കാൾ അധികമാകരുത്. എല്ലാം സ്വന്തമാക്കണമെന്ന ഭ്രാന്തമായ ആവേശമാണ് ഇന്നത്തെ ലോകത്തിന്റെ പ്രത്യേകത. എന്നാൽ നാം ഒന്നുമില്ലാതെയാണ് വന്നതെന്നും പോകുമ്പോൾ ഒന്നും കൊണ്ടുപോകാനാകില്ലെന്നും ഓർമിക്കണം. നാം ചെയ്ത നന്മ പ്രവർത്തികൾ മാത്രമേ അവശേഷിക്കുകയുള്ളൂ എന്നതിനാൽ മറ്റുള്ളവർക്ക് ധാരാളം നന്മ ചെയ്യണം. കര്‍ദ്ദിനാള്‍ പറഞ്ഞു.
സ്മാർട്ട് ഫോണിന് അടിമപ്പെടുന്ന യുവത്വത്തിന് നല്കുന്ന മുന്നറിയിപ്പാണ് കർദ്ദിനാളിന്റെ സന്ദേശമെന്നും അനുദിന മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്ന ആശയം ഏറെ നല്ലതാണെന്നും ബംഗ്ലാദേശ് കത്തോലിക്ക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് വില്യം നോകരക് വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്ന സന്ദേശം സ്വാഗതാർഹമാണെന്ന് കത്തോലിക്ക സാമൂഹിക പ്രവർത്തകനായ സുബോധ് ബാസ്കേയും പറഞ്ഞു. നോമ്പുകാലത്ത് മാത്രമല്ല, വർഷം മുഴുവനും ഇത് തുടരണം. നോമ്പിലെ പരിത്യാഗങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കുമ്പോഴാണ് തിന്മയിൽ നിന്നും മുക്തി നേടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവായിരത്തോളം വിശ്വാസികളാണ് ധാക്ക ദേവാലയത്തിലെ വിഭൂതി ശുശ്രൂഷകളിൽ പങ്കെടുത്തത്.
Source: www.pravachakasabdam.com