രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ ഒന്നായ ക്രൈസ്തവർ സമസ്ത മേഖലകളിലും വിവേചനം നേരിടുകയാണെന്നു ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സംഘടിപ്പിച്ച അല്മായ സംഗമം വിലയിരുത്തി.
വിദ്യാഭ്യാസ, സാമൂഹിക, ആതുര രംഗങ്ങളിൽ ക്രൈസ്തവർ നടത്തുന്ന സേവനങ്ങളെ തമസ്കരിക്കുക എന്നത് ഇതിന്റെ ഭാഗമാണ്. വൈദികരുടെയോ ബിഷപ്പുമാരുടെയോ പേരിൽ ഉയരുന്ന ഒറ്റപ്പെട്ട ആരോപണങ്ങളെ വലിയ സംഭവമായി എടുത്തുകാട്ടി സഭയെ മൊത്തത്തിൽ ആക്രമിക്കാനുള്ള ഗൂഢനീക്കവും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്കെതിരേയുള്ള ശക്തമായ താക്കീതായിരുന്നു ഇന്നലെ കോട്ടയത്ത് കെപിഎസ് മേനോൻ ഹാളിൽ നടന്ന അല്മായ സംഗമം. സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കളക്ടറേറ്റിലേക്കു വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബഹുജന മാർച്ചും സംഘടിപ്പിച്ചു.
ഗ്ലോബൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, പി.ഐ. ലാസർ മാസ്റ്റർ, കുര്യാസ് കുന്പളക്കുഴി, ജോ തോമസ്, ബിനു ചാക്കോ, ജിജി മുളയ്ക്കൽ, വർഗീസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Source: www.deepika.com