രണ്ടാം ലോകമഹായുദ്ധക്കാലത്ത് കത്തോലിക്കാ സഭയെ നയിച്ച പന്ത്രണ്ടാം പീയൂസ് മാർപാപ്പയെകുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ‘രഹസ്യ ഗ്രന്ഥാലയം’ തുറന്നു നൽകുമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. ഇതോടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പയെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ അടുത്തവർഷം പുറംലോകത്തിന് ലഭ്യമാകും. മാർപാപ്പയുടെ പ്രഖ്യാപനം അനുസരിച്ച് അടുത്ത വർഷം മാർച്ച് രണ്ടാം തീയതി ആയിരിക്കും ചരിത്രരേഖകൾ പരിശോധനകൾക്കു തുറന്നുനൽകുന്നത്. ഗൗരവത്തോടും വസ്തുനിഷ്ഠാപരമായും നടത്തുന്ന ഗവേഷണം, പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ രഹസ്യാത്മകവും സജീവമായിരുന്ന നയതന്ത്ര നടപടികൾ വെളിച്ചത്തിൽ കൊണ്ടുവരാൻ ഉപകരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു.

ചരിത്രകാരനായ മാർക്ക് റീപ്ലിംഗ് എഴുതി 2015 ൽ പുറത്തിറങ്ങിയ ‘ചർച്ച് ഓഫ് സ്പൈസ്: ദി പോപ്പ്സ് സീക്രട്ട് വാർ എഗൈൻസ്റ്റ് ദി ഹിറ്റ്ലർ’ എന്ന ഗ്രന്ഥത്തിൽ ഹിറ്റ്ലറിനെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാൻ പന്ത്രണ്ടാം പീയൂസ് മാർപാപ്പ നടത്തിയ ശ്രമങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. വിശദമായ വിവര ശേഖരങ്ങൾക്ക് ശേഷവും, അമേരിക്കൻ ഇന്റലിജൻസ് ഏജന്റുമാരുമായി നടത്തിയ അഭിമുഖങ്ങൾക്ക് ശേഷവുമാണ് അദ്ദേഹം പുസ്തകമെഴുതിയത്. ഈ ഗ്രന്ഥത്തിൽ ഹിറ്റ്ലറിനെ പുറത്താക്കാൻ മാർപാപ്പ നേരിട്ട് നടത്തിയ മൂന്ന് ശ്രമങ്ങളെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

ഇതടക്കമുള്ള അനേകം അനുമാനങ്ങളില്‍ ശരിയും തെറ്റും വിവേചിച്ചറിയുവാന്‍ പുതിയ നടപടിയിലൂടെ സാധിക്കും. രഹസ്യ ഗ്രന്ഥങ്ങളുടെ ചുമതല വഹിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഇടയിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രഹസ്യ ഗ്രന്ഥാലയത്തില്‍ 16 ലക്ഷത്തോളം ഗ്രന്ഥങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത് കടുത്ത പീഡനങ്ങളിലൂടെ ലോകം കടന്നുപോയപ്പോള്‍ ആഗോള സഭയെ നയിച്ച പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ഓരോ ബാക്കിപത്രവും ചരിത്രത്തെ ശരിയായ രീതിയില്‍ പഠിക്കുവാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മാർപാപ്പയുടെ പുതിയ പ്രഖ്യാപനം പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ നാമകരണ നടപടികൾക്ക് ഊർജം പകരും.

Source: www.pravachakasabdam.com

 

LEAVE A REPLY

Please enter your comment!
Please enter your name here