കുടുംബാംഗങ്ങള്‍ തമ്മില്‍ താഴ്മയോടെ പെരുമാറുമ്പോള്‍ കുടുംബം സ്വര്‍ഗമായിത്തീരുമെന്ന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. പുത്തരിക്കണ്ടം മൈതാനിയിലെ ജോണ്‍പോള്‍ രണ്ടാമന്‍ നഗറില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം നയിക്കുന്ന 14ാമത് അനന്തപുരി കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു പ്രാര്‍ത്ഥനയിലൂടെ അവസാനമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജീവിതം സുഖദുഃഖങ്ങള്‍ നിറഞ്ഞതാണ്. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍ ധാരാളമുണ്ട്. പ്രതിസന്ധികളെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ അറിയണം. തിളക്കമുള്ള ജീവിതം നയിക്കാനുള്ള ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കുമെന്ന വിശ്വാസമാണ് ഇത്തരം പ്രാര്‍ഥനാ സമ്മേളനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഏതു മാര്‍ഗം ഉപയോഗിച്ചും ഉയരാനുള്ള ആഗ്രഹമാണ് തകര്‍ച്ചയ്ക്ക് കാരണമാകുന്നത്. മറ്റുള്ളവരെ ചവിട്ടിതാഴ്ത്തി ഉയരാനുള്ള പ്രവണത നമ്മെ നശിപ്പിക്കും. സ്വയം അഹങ്കരിക്കാനും വീന്പടിക്കാനുമുള്ള അവകാശം ആര്‍ക്കുമില്ല. യേശുവില്‍ നിന്ന് വിനയത്തിന്റെ പാഠങ്ങള്‍ പഠിച്ചാല്‍ തിളക്കമാര്‍ന്ന ജീവിതത്തിന് ഉടമകളായി മാറാനാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Source: www.pravachakasabdam.com