അഭ്യൂഹങ്ങള്‍ക്കു ഒടുവില്‍ പാപ്പയുടെ കിഴക്കന്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സ്ഥിരീകരണം. മൊസാംബിക്ക്, മഡഗാസ്‌കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുമെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. മൊസാംബിക്കിലെ മാപുട്ടോ, മഡഗാസ്‌കറിലെ അന്റനാനറിവോ, മൗറീഷ്യസിലെ പോര്‍ട്ട് ലൂയി നഗരങ്ങളില്‍ സെപ്റ്റംബര്‍ നാലു മുതല്‍ പത്തുവരെ തീയതികളിലാണു സന്ദര്‍ശനം നടക്കുക.
കിഴക്കന്‍ രാജ്യങ്ങളിലെ ബിഷപ്പുമാരുടെയും രാഷ്ട്രനേതാക്കളുടെയും ക്ഷണം സ്വീകരിച്ചാണു സന്ദര്‍ശനമെന്നു വത്തിക്കാന്‍ വക്താവ് അലസാന്‍ഡ്രോ ഗിസോട്ടി പറഞ്ഞു. മൊസാംബിക്കില്‍ 12 രൂപതകളും മഡഗാസ്‌കറില്‍ 22 രൂപതകളുമാണുള്ളത്. 790 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ദ്വീപുരാഷ്ട്രമായ മൗറിഷ്യസില്‍ ഒരു രൂപതയും ഒരു അപ്പസ്‌തോലിക് വികാരിയാത്തുമുണ്ട്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു മുന്പ് മാര്‍ച്ച് 30ന് മൊറോക്കോയിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്.
Source: www.pravachakasabdam.com